തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്‌ക്കായി പൊലീസ് നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജില്ലാ പൊലീസ് മേധാവികൾ നടപ്പാക്കുന്ന പദ്ധതികൾക്ക് പുറമേയാണിത്. പദ്ധതികൾ നിരീക്ഷിക്കുന്നതിന് എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, എസ്.പി ഡോ. ദിവ്യ വി.ഗോപിനാഥ്, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. പൂങ്കുഴലി, വനിതാ ബറ്റാലിയൻ കമാൻഡൻഡ് ഡി. ശില്പ, ശംഖുംമുഖം എ.എസ്.പി ഐശ്വര്യ ഡോംഗ്രേ എന്നിവർ അംഗങ്ങളായ സംസ്ഥാനതല സമിതി രൂപീകരിച്ചു.

ഇതിന്റെ ഭാഗമായി സ്ത്രീസുരക്ഷയ്‌ക്ക് വനിതകളുൾപ്പെട്ട പട്രോളിംഗ് ടീം നിരത്തിലിറങ്ങും. രണ്ട് വനിതാ പൊലീസുകാരുൾപ്പെട്ട സംഘം ബസ് സ്റ്റോപ്പുകൾ, സ്റ്റാൻഡുകൾ, സ്‌കൂൾ - കോളേജ് പരിസരം, ചന്ത, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരു ചക്രവാഹനങ്ങളിലോ നടന്നോ പട്രോളിംഗ് നടത്തും. രാവിലെയും ഉച്ചകഴിഞ്ഞും സ്‌കൂൾ സമയങ്ങളിലും വൈകിട്ടും രാത്രി 11നും വെളുപ്പിന് അഞ്ചിനും ഇടയ്‌ക്കുള്ള സമയത്തും രണ്ടു മണിക്കൂർ വീതമാണ് പട്രോളിംഗ്. പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങളും സുരക്ഷാഭീഷണികളും ചോദിച്ചറിഞ്ഞ് നടപടി സ്വീകരിക്കും.

വനിതാ പൊലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തുകൾ സന്ദർശിച്ച് പരാതി സ്വീകരിക്കുന്ന സംവിധാനം വിപുലീകരിക്കും. ഇനി മുതൽ താലൂക്ക് ലീഗൽ സർവീസസ് അതോറിട്ടിയുമായി ചേർന്ന് നിയമ അവബോധന ക്ലാസുകൾ സംഘടിപ്പിക്കും. പരാതിക്കാരുടെയും സ്ത്രീകളുടെയും വിവരങ്ങളുൾപ്പെടെ ക്രൈംഡ്രൈവ് ആപ്പിലുൾപ്പെടുത്തും. നിലവിലുള്ള വനിതാ പൊലീസ് സ്റ്റേഷനുകൾ കേസ് അന്വേഷണത്തിന് സഹായിക്കും. വനിതാ സെല്ലുകളിൽ നിന്നുള്ള ഇൻസ്‌പെക്ടറെ ഉൾപ്പെടുത്തി റേഞ്ച് തലത്തിൽ സ്ത്രീകളുൾപ്പെടുന്ന അന്വേഷണസംഘം രൂപീകരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഗുരുതരമായ കേസുകൾ ഇനിമുതൽ ഈ സംഘം അന്വേഷിക്കും. റെയ്ഞ്ച് ഡി.ഐ.ജി ആയിരിക്കും മേൽനോട്ടം. സംഘാംഗങ്ങളെ പൊലീസ് അക്കാഡമിയിലോ ട്രെയിനിംഗ് കോളേജിലോ പരിശീലിപ്പിക്കും. വനിതകളുടെ രാത്രിയാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സിറ്റിയിൽ നടപ്പാക്കിയ 'സുരക്ഷിത" എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.

പട്ടികവർഗവിഭാഗത്തിലെ പെൺകുട്ടികൾ സ്‌കൂൾ പഠനം നിറുത്തുന്നത് അവസാനിപ്പിക്കാൻ കുടുംബശ്രീ, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കും. കുടുംബശ്രീ, തദ്ദേശ ഭരണ സാമൂഹ്യനീതി വകുപ്പുകളുമായി ചേർന്ന് സ്ത്രീധനത്തിനെതിരെ ബോധവത്കരണം നടത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലനം സംഘടിപ്പിക്കും. വനിതാ ഹെൽപ്പ്‌ലൈൻ ശക്തിപ്പെടുത്തും. വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടികൾ ജനമൈത്രി ബീറ്റ് ഓഫീസർമാരും പിങ്ക് പട്രോൾ സംഘവും നിരീക്ഷിക്കും.