ddd

നെയ്യാറ്റിൻകര: രോഗങ്ങൾ ഒന്നിനു പുറമേ ഒന്നായി തന്നെയും ഭാര്യയെയും തളർത്തുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല അമ്പത്തൊന്നുകാരനായ നെല്ലിമൂട് സ്വദേശി ശ്രീകുമാർ. മരപ്പണിയിലൂടെ ദിവസേനയുള്ള വരുമാനം കണ്ടെത്തിയിരുന്ന മണ്ണക്കല്ല് ആലുനിന്ന കുഴി ചരുവുവിള പുത്തൻ വീട്ടിൽ ശ്രീകുമാറിനെ ആദ്യം തളർത്തിയത് ഒമ്പതു വർഷം മുമ്പ് ബാധിച്ച കരൾ രോഗമാണ്. രോഗം ബാധിച്ച് കിടപ്പിലായതോടെ ജോലിക്ക് പോകാൻ കഴിയാതായി തുടർന്ന് കൃത്യസമയത്ത് ചികിത്സയും ലഭിക്കാതെ വന്നു. ഇതോടെ കരൾ രോഗം മൂർച്ഛിച്ച് ഹൃദയത്തേയും വൃക്കകളേയും ബാധിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞ നാല് വർഷമായി കൃത്യമായി ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന ശ്രീകുമാറിനോട് ജീവൻ നിലനിറുത്തണമെങ്കിൽ അടിയന്തര കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ശ്രീകുമാറിന്റെ ഭാര്യ ഗിരിജയാകട്ടെ സന്ധിവാതം ബാധിച്ച് ശരീരം തളർന്നും അലർജി, പ്രമേഹം, എല്ലു തേയ്മാനം തുടങ്ങിയ നിരവധി രോഗങ്ങളും കാരണം പുറത്തിറങ്ങാൻ കഴിയാതെ ശ്രീകുമാറിന്റെ വേദനകൾക്കൊപ്പം കൂട്ടിരിക്കുകയാണ്. രണ്ട് സെന്റിൽ ഒരാൾ വച്ചു നൽകിയ ഹോളോബ്രിക്‌സിൽ നിർമ്മിച്ച വീട്ടിലാണ് താമസം. ഇല്ലായ്മക്കിടയിലും രണ്ട് പെൺമക്കളെ കല്യാണം കഴിച്ചയച്ചു. രക്തം ഛർദ്ദിച്ചും മൂത്രത്തിൽ രക്തം കലർന്നും ഉള്ള അസുഖം ഭേദമാക്കാൻ നടത്തിയ ചികിത്സയിൽ ശരീരത്തിലെ ഞരമ്പുകൾ ചിലത് കരിച്ചും ക്ലിപ്പുകൾ വച്ചും കഴിയുകയാണ് ശ്രീകുമാർ. നിരവധി ഓപ്പറേഷനുകൾ ഇതിനകം നടത്തിയെങ്കിലും കരൾ മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സ നടത്തേണ്ടതുണ്ട്. നല്ലവരായ മനുഷ്യ സ്‌നേഹികളുടെ സഹകരണമാണ് ഇപ്പോൾ ശ്രീകുമാറിന് ആവശ്യം. ഫോൺ: 9526817489. ശ്രീകുമാറിന്റെ അക്കൗണ്ട് നമ്പർ: 67164608049, എസ്.ബി.ഐ നെല്ലിമൂട് ബ്രാഞ്ച്. ഐ.എഫ്.എസ് കോഡ് - SBIN0070544