apakadam

വിതുര: പാലോട് - വിതുര റോഡിൽ ചെറ്റച്ചൽ മരുതുംമൂട് ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് കൊട്ടാരക്കര, വിതുര സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. പൊന്മുടി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊട്ടാരക്കര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ചെറ്റച്ചലിൽ നിന്ന് വിതുരയിലേക്ക് വന്ന വിതുര സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ വിതുര ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ അറിയിച്ചു. അപകടത്തിൽ രണ്ട് കാറുകളും പൂർണമായി തകർന്നു. വിതുര ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ കാറിൽ നിന്നും പുറത്തെടുത്തത്.