photo
ആനകുളം രാജേന്ദ്രപ്രസാദും ഗീതയും സങ്കരയിനം പശുവിനൊപ്പം

നെടുമങ്ങാട്: സ്വാഭാവിക പാലുല്പാദനത്തിലും കന്നുകാലി വളർത്തലിലും മുന്നിട്ട് നില്ക്കുമ്പോഴും പാൽ ലഭ്യതയിൽ നെടുമങ്ങാട് താലൂക്ക് ഏറെ പിന്നിൽ. കരകുളം, അരുവിക്കര, പാലോട്, കല്ലറ, വിതുര, കുറ്റിച്ചൽ എന്നിവിടങ്ങളൊഴികെ പശു വളർത്തൽ നാമമാത്രമായി ഒതുങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പാൽ ഏജൻസികൾ കൈക്കലാക്കുമ്പോൾ ക്ഷീരകർഷകരടക്കം പലപ്പോഴും പാലിനായി നെട്ടോട്ടമാണ്. ഉത്പാദനത്തിൽ മലയോര ഗ്രാമങ്ങൾ സ്വയംപര്യാപ്തത കൈവരിച്ചിട്ടില്ലെന്നാണ് ക്ഷീരവികസന രേഖകൾ വ്യക്തമാക്കുന്നത്. മിക്ക വീടുകളിലും ചായക്കടകൾക്കും കവർ പാലാണ് ആശ്രയം. ഇത് മുതലാക്കി തമിഴ്‍നാട്ടിൽ നിന്നടക്കം അനധികൃത കവർ പാൽ സംഘങ്ങൾ ഗ്രാമങ്ങളിൽ യഥേഷ്ടം വില്പന നടത്തുന്നുണ്ട്. വീടുകളിൽ പശുക്കളെ വളർത്തിയിരുന്ന സമൃദ്ധിയുടെ കാലം നെടുമങ്ങാട് താലൂക്കിന് ഇന്ന് അന്യമാണ്. ഓരോ വാർഡിലേയും പാലിന്റെ ആവശ്യകത മുൻനിറുത്തി മിനി ഡയറി യൂണിറ്റുകൾ ആരംഭിച്ചാൽ പാൽ ദൗർലഭ്യം പരിഹരിക്കാനാവുമെന്നാണ് പരിചയ സമ്പന്നരായ കർഷകരുടെ അഭിപ്രായം. നിലവിലുള്ള കർഷകരേയോ, പുതിയ സംരഭകരെയോ കർഷകരാക്കി രണ്ടും മൂന്നും പശുക്കളുള്ള മിനി ഡയറി യൂണിറ്റുകൾ വ്യാപകമാക്കണമെന്നാണ് ആവശ്യം. ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതികളിൽ ഉത്പാദന മേഖലയിൽ മൃഗസംരക്ഷണ മേഖലയ്ക്കും ക്ഷീര മേഖലയ്ക്കും 60 ശതമാനത്തിലധികം തുക മാറ്റി വയ്ക്കുന്നുണ്ട്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 20 കോടിയിലധികം രൂപയാണ് 2019 -20 വാർഷിക പദ്ധതിയിൽ ചെലവഴിച്ചത്.

പാൽ ഉത്പാദന സബ്‌സിഡി, തൊഴുത്ത് നിർമ്മാണം, പശു വളർത്തൽ തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. വാമനപുരം, വെള്ളനാട് ബ്ലോക്കുകളിലും മൃഗസംരക്ഷണ മേഖലയിൽ ശ്രദ്ധേയമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

 ക്ഷീരകർഷക കൂട്ടായ്മ 30 ന്

രാവും പകലും കന്നുകാലി പരിചരണത്തിന് വേണ്ടി മാറ്റി വച്ച ക്ഷീരകർഷകരുടെ സംഗമ വേദിയായ കൗമുദീയം ക്ഷീരകർഷക കൂട്ടായ്മയിൽ മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് നെട്ടറക്കോണം വിജയൻ.
30ന് രാവിലെ 10ന് നെടുമങ്ങാട് റവന്യുടവറിൽ 25 ക്ഷീരകർഷക ദമ്പതികളെയും ആദരിക്കും. വാമനപുരം നദീതീരത്തെ പച്ചപ്പ് പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദ ക്ഷീര കൃഷി നടത്തുന്ന ആനകുളം സ്വദേശിനി ഗീത എന്ന ജൈവകർഷകയും എല്ലാവിധ പ്രോത്സാഹനവുമായി കൂടെ നില്ക്കുന്ന ഭർത്താവ് രാജേന്ദ്രപ്രസാദും ആദരവിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പതിനൊന്ന് സങ്കരയിനം പശുക്കളും രണ്ട് നാടൻ പശുക്കളുമുള്ള ഈ കർഷക ദമ്പതികൾ അൻപത് ലിറ്റർ പാൽ പതിവായി സൊസൈറ്റിയിൽ ഒഴിക്കുന്നുണ്ട്. തീറ്റപ്പുല്ല് കൃഷി, ഒന്നര ഏക്കർ പച്ചക്കറി, നൂറിലധികം തെങ്ങുകൾ, വാഴ കൃഷി എന്നിവയിലും ശ്രദ്ധേയരാണ്.