തിരുവനന്തപുരം: സ്റ്റേഷനിൽ വച്ച് പോക്‌സോ കേസിലെ പ്രതി സ്വയം പരിക്കേല്പിക്കാൻ ശ്രമിച്ചത് തടഞ്ഞ പൊലീസുകാരന്റെ കൈയ്‌ക്ക് ഗുരുതര പരിക്ക്. ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ കാട്ടാക്കട മലയം സ്വദേശി അജിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ ഫോർട്ട് സ്‌റ്റേഷനിലായിരുന്നു സംഭവം. പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മണക്കാട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റുചെയ്‌ത് സ്‌റ്റേഷനിലെത്തിച്ചു. ഭക്ഷണം കഴിച്ച് കൈ കഴുകാൻ എഴുന്നേറ്റ സുധീഷ് അജിയുടെ സമീപത്തുണ്ടായിരുന്ന പേപ്പർ മുറിക്കുന്ന കത്തിയെടുത്ത് കഴുത്തിൽ മുറിവേല്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് അജിയുടെ കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റത്. അജിയെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞരമ്പുകൾ മുറിഞ്ഞതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് മാസം മുമ്പ് കോവളം പൊലീസ് സുധീഷിനെ അറസ്റ്റുചെയ്‌തിരുന്നു. അന്നും ഇയാൾ സ്റ്റേഷനിൽ വച്ച് കൈ മുറിക്കാൻ ശ്രമിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. സുധീഷിനെതിരെ മോഷണക്കേസുകളിലടക്കം പരാതി ലഭിച്ചിട്ടുണ്ടെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.