fire

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിലും കിള്ളിപ്പാലത്തുമുണ്ടായ തീപിടിത്തങ്ങളിൽ ആർക്കും പരിക്കില്ല. ജനറൽ ആശുപത്രിയിലെ 11ാം വാർഡിന് പിന്നിലെ ഷെ‌ഡിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് ഉച്ചയോടെ തീപിടിച്ചത്. ചെങ്കൽച്ചൂള ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പത്തോളം ഫയർമാന്മാർ ചേർന്നാണ് തീ കെടുത്തിയത്. കിള്ളിപ്പാലത്ത് അട്ടക്കുളങ്ങര ബൈപാസിലായിരുന്നു മറ്റൊരു തീ പിടുത്തം. ബൈപാസിന്റെ വശത്തുള്ള എരുമക്കുഴിയിലെ മാലിന്യത്തിന് തീപിടിച്ച് സമീപത്തെ ശിവ കോപ്ലക്‌സിലെ മുറികളിലേക്കും പടരുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ടായിരത്തോളം പ്ലാസ്റ്റിക് ട്രേ, പാർസൽ ബുക്കിംഗ് ഓഫീസ് എന്നിവ കത്തിനശിച്ചു. ചെങ്കൽച്ചൂള ഫയർസ്റ്റേഷനിലെ ജീവനക്കാരാണ് തീകെടുത്തിയത്. എകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.