തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാശൃംഖലയിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വിത്യാസമോ രാഷ്ട്രീയ വേർതിരിവോ ഇല്ലാതെ ജനലക്ഷങ്ങൾ കണ്ണിചേർന്നു. റിപ്പബ്ലിക് ദിനത്തിൽ കാസർകോട് മുതൽ കളിയിക്കാവിളവരെ നീണ്ട മനുഷ്യമഹാശൃംഖല സംസ്ഥാന സർക്കാരെടുത്ത നിലപാടിന്റെ അംഗീകാരം കൂടിയായി മാറി.
നിശ്ചയിച്ച സ്ഥലങ്ങളിലേക്ക് വൈകിട്ട് മൂന്നിന് പ്രവർത്തകരും അനുഭാവികളുമെത്തി. മൂന്നരയ്ക്ക് റിഹേഴ്‌സൽകഴിഞ്ഞ് നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഞ്ജയെടുത്തു. തുടർന്ന് സംസ്ഥാനത്ത് 250ഓളം കേന്ദ്രങ്ങളിൽ പൊതുയോഗം ചേർന്നു. ഒരു രാഷ്ട്രമെന്നനിലയിൽ ഇന്ത്യയെ ഒരുമിച്ച് നിറുത്തുകയും ചലനാത്മകമാക്കുകയും ജനതയെ യോജിപ്പിക്കുകയും ചെയ്യുന്ന ഭരണഘടനയെ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച്, ഭരണഘടന സംരക്ഷിക്കുക, മതം നോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മനുഷ്യശൃംഖല തീർത്തത്.
സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ, ജനപ്രതിനിധികൾ, എഴുത്തുകാർ, സാംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ, സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങി ജീവിതത്തിന്റെ സർവമേഖലയിലുമുള്ളവർ കണ്ണികളായി. കാസർകോട് സി.എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായി. അവിടെ നിന്ന് ദേശീയപാതയിൽ പടിഞ്ഞാറ് വശം ചേർന്ന് തീർത്ത മഹാശൃംഖലയുടെ അവസാന കണ്ണി കളിയിക്കാവിളയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രവർത്തകർ അതിർത്തിയിൽ ശൃംഖലയുടെ കണ്ണിയായി.
തലസ്ഥാനത്ത് പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം കണ്ണിചേർന്നു. മലങ്കര ഓർത്തഡോക്‌സ് സഭാവൈദികരും പാളയം ഇമാം വി. പി. ഷുഹൈബ് മൗലവിയും ഉൾപ്പെടെ വിവിധ സമുദായ പ്രമുഖരും അണിനിരന്നു. സിനിമ, കലാ സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖരെല്ലാം ഇവിടെ ശൃംഖലയുടെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ അഭിവാദ്യം ചെയ്തു.