കൊല്ലം: ഉത്സവ ഘോഷയാത്രയ്ക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു. കൊട്ടിയം മൈലാപ്പൂർ നാസില മൻസിലിൽ നവാസ് - സജീന ദമ്പതികളുടെ മകൻ നൗഫലാണ് (19) മരിച്ചത്. നൗഫലിന്റെ സുഹൃത്ത് മൈലാപ്പൂർ മേലേവിള വീട്ടിൽ സവാസ് (19) അടിവയറ്റിൽ കുത്തേറ്റ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തി ലാണ്.
ഞായറാഴ്ച രാത്രി ഏഴരയോടെ കൊട്ടിയം ഇ.എസ്.ഐ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. തഴുത്തല ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച ജംഗ്ഷനിൽ നിന്ന് മടങ്ങുന്നതിനിടെ പേരയം സ്വദേശികളായ രണ്ടുപേർ നൗഫലിനെയും സവാസിനെയും സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് വിളിച്ചുകൊണ്ടുപോയി കുത്തുകയായിരുന്നു. നെഞ്ചത്ത് കുത്തേറ്റ നൗഫലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പേരയം സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരും, നൗഫലും സവാസും സ്കൂളിൽ ഒരുമിച്ചാണ് പഠിച്ചത്. പക്ഷേ പേരയം സ്വദേശികളുമായി പിന്നീട് തെറ്റി. ഉത്സവഘോഷയാത്രയ്ക്കിടെ കണ്ടുമുട്ടിയ ഇവർ തമ്മിൽ അടിയായി. പിന്നീടാണ് ഷോപ്പിംഗ് കോപ്ലക്സിന് അടുത്തേക്കുവിളിച്ചുകൊണ്ടുപോയി കുത്തിയത്. ആമിന, ഹാജിറ എന്നിവർ നൗഫലിന്റെ സഹോദരിമാർ.