പാറശാല : ഇന്ത്യയെ വലിച്ചുകീറുന്ന അക്രമമാണ് പൗരത്വ ഭേദഗതി നിയമമെന്നും രാഷ്ട്രീയ കുറ്റവാളികളാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. മനുഷ്യമഹാശൃംഖലയുടെ തെക്കേ അറ്റമായ കളിയിക്കാവിളയ്ക്ക് സമീപം ഇഞ്ചിവിളയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബൈബിൾ ഫെയ്ത്ത് മിഷൻ ആർച്ച് ബിഷപ്പ് ഡോ. മോസസ് സ്വാമിദാസ്, കളിയിക്കാവിള ജുമാഅത്ത് മസ്ജിദ് ഇമാം ഫാരിസ്, സി പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു, സി.പി.എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ. ചെല്ലസ്വാമി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ, ജനതാദൾ ജില്ലാ സെക്രട്ടറി വി.സുധാകരൻ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റ് അജേന്ദ്രപ്രസാദ്, സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി എസ്. അജയകുമാർ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി. സുന്ദരേശൻ നായർ സ്വാഗതവും സി.പി.എം പാറശാല ലോക്കൽ സെക്രട്ടറി ആർ. ബിജു നന്ദിയും പറഞ്ഞു. വൻ ജനപങ്കാളിത്തത്തോടെ ആർത്തിരമ്പിയ സമരാവേശമായി മനുഷ്യ ശൃംഖല. എൽ.ഡി.എഫ് പ്രവർത്തകർക്ക് പുറമെ രാഷ്ട്രീയത്തിനധീതമായ ജനപങ്കാളിത്തം അനുഭവപ്പെട്ടു.