തിരുവനന്തപുരം: തക്ബീർ ധ്വനികൾ മുഴങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാജ്യനന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പത്ത് ദിവസം നീണ്ട് നിൽക്കുന്ന ബീമാപള്ളി ഉറൂസിന് കൊടിയേറി. ദർഗാഷെരീഫിൽ ചീഫ് ഇമാം സയ്യിദ് വി.പി.എ.ആറ്റക്കോയ തങ്ങൾ ദാരിമിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക പ്രാർത്ഥന നടന്നത്. കൊടിയേറ്റിനു ശേഷം ദേശീയ ഗാനം മുഴങ്ങി. നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിനിറുത്തി ജമാഅത്ത് പ്രസിഡന്റ് എം.മുഹമ്മദ് ഇസ്മത്താണ് പളളി മിനാരത്തിലെ കൊടിമരത്തിൽ ദുബായിൽ നിന്നും എത്തിച്ച ഇരുവർണ്ണ ഉറൂസ് പതാക ഉയർത്തിയത്. ഇന്നലെ രാവിലെ എട്ടിന് ബീമാപളളി ഇമാം സബീർഖാൻ സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനക്ക് ശേഷം പളളിഅങ്കണത്തിൽ നിന്നും പുറപെട്ട പട്ടണപ്രദക്ഷിണം ബീമാപള്ളി ജോനക പൂന്തുറ, മാണിക്യവിളാകം വഴി പത്തോടെ ബീമാപള്ളിയിൽ തിരിച്ചെത്തി.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ.ശ്രീകുമാർ, വി.എസ്.ശിവകുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ള, ജമാഅത്ത് ജനറൽ സെക്രട്ടറി അൻവർ സാദത്ത്, സെക്രട്ടറി ജമാൽ മുഹമ്മദ്, ട്രഷറർ സക്കീർ, വൈസ് പ്രസിഡന്റ് ഫാറുഖ് ഹാജി എന്നിവർ പങ്കെടുത്തു. തുടർ ദിവസങ്ങളിൽ രാത്രി 7.30 മുതൽ മന്ത്രിമാർ പങ്കെടുക്കുന്ന സെമിനാറുകളും രാത്രി 9.30 മുതൽ പ്രഗത്ഭ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മതപ്രഭാഷണവും നടക്കും. കെ.എസ്.എസ്.ആർ.ടി.സി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പ്രത്യേക സർവീസുകൾ നടത്തി. നഗരസഭയും സർക്കാരും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ബീമാപളളി പൗരസമിതിയുടെ നേതൃത്വത്തിൽ സൗജന്യ ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസും, ആരോഗ്യവകുപ്പ്, നഗരസഭ, ഫയർഫോഴ്‌സ് എന്നിവയും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് അറേബ്യയിൽ നിന്നും എത്തി തിരുവിതാംകൂറിൽ ഇസ്ലാമിക പ്രചാരണ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതിൽ ഏറെ സ്വാധീനം ചെലുത്തിയ എത്തിയ ബീമാ ബീവിയുടേയും മകൻ മാഹിൻ അബൂബക്കറിന്റെയും പേരിലാണ് വർഷം തോറും ഉറൂസ് മഹാമഹം ആഘോഷിക്കുന്നത്.