ak-antony

തിരുവനന്തപുരം: ഇന്ത്യയെ മാതൃകാ രാജ്യമായി കാണാൻ ആഗ്രഹിക്കുന്നവർ പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ ഒന്നിച്ചു നിൽക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ഭരണഘടനാ സംരക്ഷണത്തിനായി 'ഞാൻ പൗരൻ പേര് ഭാരതീയൻ" എന്ന സന്ദേശവുമായി സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്രയുടെ ഉദ്ഘാടനം ഗാന്ധിപാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫാണോ എൽ.ഡി.എഫാണോ എന്ന നിലയിലല്ല, രാഷ്ട്രീയവും ജാതിയും മറ്റെല്ലാ വ്യത്യാസങ്ങളും മറന്ന് ആർ.എസ്.എസിനെ എതിർക്കുന്നവരെല്ലാം ഒന്നിച്ചു നിൽക്കണം. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദി സർക്കാരിനെയും ആർ.എസ്.എസിനെയും തളക്കണം. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നവർ നാളെ തങ്ങളും ദുഃഖിക്കേണ്ടി വരുമെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പെരുമ്പടവം ശ്രീധരൻ, ആര്യാടൻ ഷൗക്കത്ത്, ടി. ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴക്കൻ, ശൂരനാട് രാജശേഖരൻ, ജ്യോതികുമാർ ചാമക്കാല, മാത്യു കുഴൽനാടൻ, കെ.എം. അഭിജിത്ത്, എൻ.വി. പ്രദീപ്കുമാർ, വി.ആർ. പ്രതാപൻ എന്നിവർ സംസാരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ കാവൽയാത്ര ഫെബ്രുവരി 13ന് കാസർകോട് സമാപിക്കും.