തിരുവനന്തപുരം: ജനങ്ങളെയും നിയമസഭയെയും വെല്ലുവിളിച്ച് ഗവർണർ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നുവെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. ഭരണഘടനാ സംരക്ഷണത്തിനായി 'ഞാൻ പൗരൻ പേര് ഭാരതീയൻ' എന്ന സന്ദേശവുമായി സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽയാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ പാസ്സാക്കിയ പ്രമേയത്തിനെതിരെ പരസ്യ പ്രസ്താവന നടത്തുക വഴി നിയമസഭയെയാണ് ഗവർണർ അവഹേളിച്ചത്. ഈ നടപടി ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. രാജാവിനെക്കാൾ വലിയ രാജഭക്തി അമിത് ഷായോട് കാണിക്കുന്നു. ഭരണഘടന ജനങ്ങൾക്കു അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന ഒന്നാണു പൗരത്വനിയമം. ഇതു ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. എല്ലാ വിഭാഗങ്ങളുടെയും പ്രശ്നമാണ്. നാളെ രാജ്യത്തു സ്വാതന്ത്ര്യമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.