തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ കോലാഹലങ്ങൾ ഒരു വശത്ത്, നിയമസഭയും എം.എൽ.എമാരും മൊത്തത്തിൽ ഡിജിറ്റൽ വത്കരിക്കപ്പെടുന്നതിന്റെ ബഹളം മറുവശത്ത്. ഫലത്തിൽ നാളെ ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങുന്ന നിയമസഭാസമ്മേളനം സംഭവബഹുലമാകുമെന്നുറപ്പ്.
നയപ്രഖ്യാപനത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ആദ്യമായി സഭയിലേക്ക് കടന്നുവരുമ്പോൾ പ്രതിപക്ഷം ഏതു രീതിയിൽ വരവേൽക്കുമെന്ന ചോദ്യം ബാക്കിയാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സഭാസമ്മേളനം തുടങ്ങാനിരിക്കെ, പ്രതിപക്ഷനേതാക്കൾ ഗവർണർക്കെതിരായ വിമർശനവും കടുപ്പിച്ചിട്ടുണ്ട്. ഗവർണറുമായി നേരിട്ടൊരേറ്റുമുട്ടൽ ഈ ഘട്ടത്തിൽ ആഗ്രഹിക്കാത്ത സർക്കാർ പ്രതിപക്ഷനീക്കത്തിൽ രാഷ്ട്രീയദുരുദ്ദേശ്യം മണക്കുകയാണ്.
പ്രമേയത്തിന് അനുമതി നൽകേണ്ടത് സ്പീക്കറുടെ വിവേചനാധികാരമാണെങ്കിലും സ്പീക്കർ അത് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതിയിൽ വച്ചേക്കും. പ്രമേയം അനുവദിച്ചാൽ ചർച്ച നടക്കും. ഭരണപക്ഷത്തിന് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാനാവില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ നിലപാടെടുത്തിരിക്കെ ഇക്കാര്യത്തിൽ ആർക്കും ഗവർണറെ അനുകൂലിക്കാനുമാവില്ല. പൗരത്വഭേദഗതി വിഷയത്തിൽ സഭയുടെ വിവേചനാധികാരത്തെ ഗവർണർ ചോദ്യം ചെയ്തുവെന്നാണ് പ്രതിപക്ഷ നോട്ടീസിന്റെ കാതൽ എന്നിരിക്കെ, പ്രതിപക്ഷ നേതാവിന്റെ പുതിയ പ്രമേയം ചർച്ച ചെയ്താൽ പാസാക്കേണ്ടിവരും. രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുന്നതാണ് പ്രമേയം. രാഷ്ട്രപതിക്ക് സ്വമേധയാ ഗവർണറെ തിരിച്ചുവിളിക്കാനാവില്ല. നിയമസഭയുടെ പ്രമേയം കിട്ടിയാൽ രാഷ്ട്രപതി അത് കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കു വിടും. കേന്ദ്രസർക്കാർ അതൊരിക്കലും അംഗീകരിക്കില്ല. ഗവർണറിൽ സംസ്ഥാനസർക്കാർ തന്നെ അവിശ്വാസമർപ്പിക്കുന്നുവെന്ന സ്ഥിതിവന്നാൽ പോര് രൂക്ഷമാകും. അങ്ങനെയൊരു ഭരണഘടനാപ്രതിസന്ധി സർക്കാർ ആഗ്രഹിക്കാത്തതിനാലാണ് പ്രതിപക്ഷനീക്കത്തിൽ അവർ ദുസൂചന മണക്കുന്നത്. പ്രമേയത്തെ സർക്കാർ തള്ളിപ്പറഞ്ഞാലും പ്രശ്നമുണ്ട്. ബി.ജെ.പിയുമായുള്ള ഒത്തുകളി ആരോപിച്ച് പ്രതിപക്ഷം വിമർശനം കനപ്പിക്കും. ഗവർണർക്കെതിരെ നോട്ടീസ് നൽകിയ സ്ഥിതിക്ക് നാളെ ഗവർണറെ പ്രതിപക്ഷം ബഹിഷ്കരിക്കുമോ എന്നതടക്കം കാത്തിരുന്ന് കാണണം. രാവിലെ നിയമസഭാകക്ഷി ചേർന്നാണ് ഇതിൽ തീരുമാനമെടുക്കുക.
എം.എൽ.എമാർക്കെല്ലാം മുന്നിലെ ടച്ച് സ്ക്രീനിൽ വിരലമർത്തി സഭാകാര്യങ്ങളിൽ ഇടപെടാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്. നാളെ നയപ്രഖ്യാപനം കഴിഞ്ഞാൽ 31ന് തോമസ് ചാണ്ടിക്ക് ചരമോപചാരം. ഫെബ്രുവരി 3 മുതൽ 5വരെ നന്ദിപ്രമേയ ചർച്ച. 6ന് നിയമനിർമ്മാണം. 7ന് ബഡ്ജറ്റ്. 10 മുതൽ 12 വരെ ബഡ്ജറ്റിന്മേൽ പൊതുചർച്ച.