തിരുവനന്തപുരം: ഓൺലൈൻ വഴി ഇരുമ്പ് സ്റ്റീൽ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനപ്രതി പടിയിൽ. വിശാഖപട്ടണം കോത്ത ജലാരി പേട്ട സ്വദേശി കുർമാന കാമേശ്വരറാവിനെയാണ് (49) വിശാഖപട്ടണത്ത് നിന്ന് തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.
'നവീൻ ഏജൻസീസ്' എന്ന സ്റ്റീൽ കമ്പനി ഉടമയെ ഓൺലൈൻ വഴി ബന്ധപ്പെട്ട് സ്റ്റീൽ ബാറുകൾ വാഗ്ദാനം ചെയ്ത് 9.8 ലക്ഷം രൂപ തട്ടിയെടുതായാണ് കേസ്. ഈ കേസിലെ ഒന്നാം പ്രതി വടലമണി രവിശങ്കറിനെ ഡിസംബർ ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു.
കുറഞ്ഞ വിലയ്ക്ക് സ്റ്റീൽ വിതരണം ചെയ്യുമെന്ന് കാണിച്ച് തട്ടിപ്പു സംഘം ഇന്റർനെറ്റിൽ പരസ്യം ചെയ്തിരുന്നു. ഇത് കണ്ട പരാതിക്കാരൻ ഓർഡർ നൽകി. സ്റ്റീലിന്റെ വില മുഴുവൻ നെറ്റ് ബാങ്കിംഗ് വഴി സംഘത്തിന്റെ അക്കൗണ്ടിലേക്ക് നൽകി. പിന്നാലെ ലോഡ് അയച്ചതായി പരാതിക്കാരനെ അറിയിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും വാഹനം എത്താത്തതിനെ തുടർന്നു വീണ്ടും ഇവരെ ബന്ധപ്പെട്ടു. ഇതോടെ വാഹന ഡ്രൈവറുടെതാണെന്നു പറഞ്ഞ് ഒരു ഫോൺ നമ്പർ നൽകി. ഇതിൽ ബന്ധപ്പെട്ടപ്പോൾ വാഹനം കേടായെന്നും ടയർ മാറ്റാൻ 75000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. പിന്നീടും വാഹനം എത്തിയില്ല. ഇതിന് പിന്നാലെയും ഫോണിൽ അന്വേഷണം നടത്തിപ്പോൾ കൂടെയുള്ളവർക്ക് ഡെങ്കി പനിയാണെന്നും പണമില്ലാത്തതിനാൽ 35000 രൂപ അയച്ച് കൊടുക്കാനും ആവശ്യപ്പെട്ടു. ഈ പണവും പരാതിക്കാരൻ അയച്ചു നൽകി. വീണ്ടും വാഹനം എത്താതെ വന്നതോടെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഡിസംബർ ഒന്നിന് കേസിലെ ഒന്നാം പ്രതിയെ നിഷിന്താ എന്ന സ്ഥലത്തു നിന്ന് പിടികൂടി. 24 നാണ് കുർമാന കാമേശ്വരറാവുവിനെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റു ചെയ്തത്. സൈബർ ക്രൈം ഡിവൈ.എസ്.പി എൻ.ജിജി, പൊലീസ് ഇൻസ്‌പെക്ടർ ആർ.റോജ്, എസ്.ഐ. ബിജുകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശബരിനാഥ്, ശ്രീരാജ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.