തിരുവനന്തപുരം : ഗാന്ധിയും അദ്ദേഹം നിലയുറപ്പിച്ച മൂല്യങ്ങളും എക്കാലവും പ്രസക്തമാണെന്ന് ഗാന്ധിജിയുടെ ചെറുമകളുടെ മകനായ ഡോ. ആനന്ദ് ഗോകാനി. സി. അച്ചുതമേനോൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'മഹാത്മാഗാന്ധി ഒരു സമകാലിക വായന' ദ്വിദിന ദേശീയ സെമിനാർ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സാധാരണ മനുഷ്യനായ ഗാന്ധിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ പ്രവൃത്തികളിലെ സവിശേഷതകളെയുമാണ് നാം എക്കാലവും ഓർക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷനായി. ഗുജറാത്ത് വിദ്യാപീഠ് സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. സുദർശൻ അയ്യങ്കാർ പ്രബന്ധം അവതരിപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എൻ. ഷൺമുഖം പിള്ള, സെമിനാർ കോഓർഡിനേറ്റർ ഡോ. പി. സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. സെമിനാറിന്റെ അക്കാഡമിക് സെഷനുകൾ ഇന്ന് പൂജപ്പുര സി അച്ചുതമേനോൻ സെന്ററിൽ നടക്കും.