ആലപ്പുഴ: കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടർന്ന് ചൈന മത്സ്യ ഇറക്കുമതി നിറുത്തിയത് കേരളത്തിൽ നിന്നുള്ള മത്സ്യക്കയറ്റുമതിയെ വലിയതോതിൽ ബാധിച്ചു. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ചൈനയിലേക്ക് അയച്ചിരുന്നത്.
കയറ്റുമതി കുറഞ്ഞതോടെ നാട്ടിൽ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോൾ 200-250 രൂപ മാത്രമായി. ദുബായ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ചൈനയിലേക്കാണ് അയച്ചിരുന്നത്.
വെള്ള, ചുവപ്പ് ഇനത്തിൽപ്പെട്ട ഞണ്ടാണ് കായലിൽനിന്ന് ഏറെ കിട്ടുന്നത്. ചൈനയിൽ ഇതിനായിരുന്നു പ്രിയം. കായലിൽ നിന്നും ഫാമുകളിൽനിന്നും ഞണ്ട് വിലയ്‌ക്കെടുക്കുന്ന കേന്ദ്രങ്ങൾ കഴിഞ്ഞദിവസം മുതൽ വില കുറച്ചാണ് എടുക്കുന്നത്.
2019ൽ ജനുവരി മുതൽ നവംബർ വരെ മാത്രം 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തിൽ നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്.