ചേർത്തല: മകളുടെ അലമുറ കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് അച്ഛനെ തൂങ്ങി മരിച്ച നിലയിലും അമ്മയെ വിഷം കഴിച്ച് അവശ നിലയിലും. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം ഞരമ്പ് മുറിച്ച് മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. യഥാസമയം ചികിത്സ ലഭിച്ചതിനാൽ അമ്മയും മകളും അപകടനില തരണം ചെയ്തു.
എസ്.എൽ പുരം തോപ്പിൽ സനൽകുമാറാണ് (കുട്ടപ്പൻ- 46 ) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. മകൾ ഹരിപ്രിയ (16) അലമുറയിട്ട് അയൽവാസികളെ വിളിച്ചു വരുത്തിയപ്പോഴേക്കും അമ്മ പ്രീതയെ (40) വിഷം ഉള്ളിൽ ചെന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് ഹരിപ്രിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മജിസ്ട്രേറ്റ് എത്തി പ്രീതയുടെയും ഹരിപ്രിയയുടെയും മൊഴി രേഖപ്പെടുത്തി. സനൽകുമാർ എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ് സനൽകുമാർ.