basheer
കെ.എം ബഷീർ

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ എൽ.ഡി.എഫ് നടത്തിയ മനുഷ്യമഹാശൃഖലയിൽ പങ്കെടുത്ത മുസ്‍ലീം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ബഷീറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മനുഷ്യമഹാശൃഖലയിൽ പങ്കെടുത്ത ബഷീർ യു.ഡി.എഫ് നേതൃത്വത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ബഷീറിനെതിരെ ലീഗ് നടപടിയെടുത്തിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് രാജ്യത്ത് ഇരയാക്കപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ഒരു പൗരൻ എന്ന നിലയിലാണെന്നായിരുന്നു കെ.എം. ബഷീർ ഇന്നലെ പ്രതികരിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനുശേഷം ഏറ്റവും വലിയ ജനപങ്കാളിത്തമുളള സമരമാണ് ഇപ്പോൾ നടക്കുന്നത്. ഭരണഘടന നഷ്ടപ്പെടുത്തുന്ന തരത്തിൽ സർക്കാർ നീങ്ങുമ്പോൾ അതിനെതിരെയുളള പ്രതിഷേധത്തിൽ ഒരു പൗരനെന്ന നിലയിലാണ് പങ്കെടുത്തതെന്നും ബഷീർ പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ മുസ്ലിം ലീഗ് നേതാക്കളും ഇ.കെ സുന്നി വിഭാഗവും മുജാഹിദ് നേതാക്കളും കെ.എം.സി.സിയുടെ പ്രവർത്തകരും അടക്കം നിരവധി പേർ അണിനിരന്നിരുന്നു. കെ. മുരളീധരൻ അടക്കമുളള കോൺഗ്രസ് നേതാക്കൾ ഗൗരവമായി ഇതിനെ കാണണമെന്നും പറഞ്ഞിരുന്നു. എന്നാൽ മനുഷ്യശൃംഖലയിൽ പങ്കെടുത്തതിനെക്കാൾ ഉപരിയായി നേതൃത്വത്തെ വെല്ലുവിളിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്.

മനുഷ്യ ശൃംഖലയിൽ യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ പ്രതികരിച്ചത്. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബി.ജെ.പിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാൽ പ്രതികരണത്തിൽ നിന്നും വ്യത്യസ്തമായി ബഷീറിനെതിരെ നടപടിയെടുക്കുകയായിരുന്നു. മുസ്ലീം ലീഗ് ഭാരവാഹികൂടിയായ ബഷീർ പിന്നീട് ചാനൽ ചർച്ചയിലടക്കം പങ്കെടുക്കുകയും ലീഗിനെയും യു.ഡി.എഫിനെയും വിമർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.

മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതിനല്ല നടപടിയെന്നും പങ്കെടുത്തശേഷം യു.ഡി.എഫിനെയും നേതൃത്വത്തെയും പരസ്യമായി വെല്ലുവിളിച്ചതിനാണെന്നും മലപ്പുറം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഫ്ളാഷിനോട് പറഞ്ഞു. സ‌സ്പെൻഷന്റെ ഭാഗമായി അന്വേഷണ സമിതി ഉടൻ രൂപീകരിക്കുമെന്നും സ‌സ്പെൻഷന് ഇന്നലെ തന്നെ സംസ്ഥാന നേതൃത്വം അനുമതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.