നാല് ദശകത്തോളം കേരള രാഷ്ട്രീയത്തിൽ ഒരതിശയ പ്രതിഭാസമായി നിന്ന ബേബിജോൺ ദിവംഗതനായിട്ട് ഇന്ന് (ജനുവരി 29) 12 വർഷം.. ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ട് മുമ്പ് ജർമ്മനിയിൽ നടന്ന ഒരു വ്യാപാരമേളയിൽ പ്രദർശിപ്പിച്ചിരുന്ന കയറുത്പന്നങ്ങളിൽ പുരണ്ട മണൽ തരികളുടെ തിളക്കം കണ്ട്, അത് അവധാനതയോടെ ശേഖരിച്ച് പരിശോധിച്ചപ്പോൾ അവ മോണോസൈറ്റ്, ഇൽമനൈറ്റ് തരികൾ ആയിരുന്നു എന്ന് കണ്ടെത്തുകയും അതിന്റെ പ്രഭവകേന്ദ്രം അന്വേഷിച്ചുള്ള യാത്ര വെള്ളക്കാരെ ചവറയിൽ കൊണ്ടെത്തിക്കുകയും ചെയ്തു. പിന്നെ വലിയ മണൽ കമ്പനികളുടെ വരവായി. ആദ്യം സായിപ്പന്മാരായിരുന്നു ഉടമകളെങ്കിൽ പിന്നെ അത് നാട്ട് സായിപ്പന്മാരുടെ കൈയിലായി. ഫ്യൂഡൽ നാടുവാഴി പ്രമാണിമാരെയും കവലച്ചട്ടമ്പികളെയും കമ്പനി ഉടമകളെയും ഭയന്ന് ആദ്യകാലത്ത് കുറച്ച് തൊഴിലാളികളേ യൂണിയനിൽ അംഗത്വം എടുത്തിരുന്നുള്ളൂ.
അവരുടെ അവകാശസമരങ്ങൾക്ക് ചുക്കാൻപിടിക്കാൻ അന്ന് ഈറ്റപ്പുലികളെപ്പോലെ ചാടിവീണവരാണ് കണ്ണൻതോടത്ത് ജനാർദ്ദനൻനായരും ശ്രീകണ്ഠൻനായരും ബേബിജോണും. ഇവരുടെ ലക്ഷ്യബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനങ്ങൾ ചവറയെ രാഷ്ട്രീയസമരങ്ങളുടെ ഈറ്റില്ലമാക്കി.
എതിർപ്പിലൂടെ വളർന്നു, എതിർപ്പിലൂടെ ശക്തിപ്രാപിച്ച നേതാവാണ് ബേബിജോൺ. എതിർത്ത ആളുകൾ പരാജയപ്പെട്ട് അദ്ദേഹത്തെ മിത്രങ്ങളാക്കുന്നതും കേരളം കണ്ടു.
സി. അച്ചുതമേനോൻ മുഖ്യമന്ത്രിയും ബേബിജോൺ റവന്യൂ മന്ത്രിയുമായിരുന്ന സമയത്താണ് ഇന്ത്യയ്ക്ക് തന്നെ മാതൃകയായ സമഗ്രമായ ഭൂപരിഷ്കരണനിയമം നടപ്പിലാക്കിയത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച വെളുമ്പനേയും കറുമ്പനേയും കാലം തേയ്‌ച്ച് മായ്ക്കാൻ ശ്രമിച്ചാലും സ്വർണലിപികളാൽ രേഖപ്പെടുത്തിയ ആ ചരിത്രസത്യം പത്തരമാറ്റ് തിളക്കത്തോടെ എന്നെന്നും പ്രശോഭിക്കും.
ഏത് തീരുമാനം എടുക്കുമ്പോഴും ഫയലുകളിൽ മാത്രമായിരുന്നില്ല അതിന്റെ പിന്നിലുള്ള മനുഷ്യജീവിതം കൂടി അദ്ദേഹം കണ്ടിരുന്നു. അണികളെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും ജന്മസിദ്ധമായ കഴിവും അതിനുതക്ക ആകാരവും അദ്ദേഹത്തിനുണ്ടായിരുന്നു. കൂർമ്മബുദ്ധിയുടെ ഉടമയായ ഈ ആജാനുബാഹുവിനെ സ്നേഹിക്കാതിരിക്കാനോ ആദരിക്കാതിരിക്കാനോ എതിർചേരിയിൽപെട്ടവർക്കുപോലും കഴിഞ്ഞില്ല.
ചവറയും ചവറയിലെ ജനങ്ങളും എന്നും ബേബിജോണിന്റെ ദൗർബല്യമായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഇച്ഛാശക്തി, കൈവച്ചിട്ടുള്ള എല്ലാ മേഖലകളിലും പതിച്ച വ്യക്തിമുദ്ര, തനതായ പ്രവർത്തന ശൈലി എന്നിവയാണ് ബേബിജോണിനെ ചവറക്കാരുടെ എക്കാലത്തേയും അവസാന വാക്കായി മാറ്റിയത്. ആ നാട്ടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നാന്ദികുറിച്ച ആ കറുത്ത മുത്തിനെ, കരിമണൽ വറ്റിയാലും മറക്കില്ല ചവറക്കാർ.
ലേഖകന്റെ ഫോൺ: 9847862420.