air-india

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യയെ വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ ഒരുങ്ങുമ്പോൾ വളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കുതിക്കുകയാണ് മറ്റു പല രാജ്യങ്ങളുടെയും ദേശീയ എയർലൈൻസുകൾ. ഇടയ്ക്ക് ചെറിയ ചില ഇടർച്ചകൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് പാഠംപഠിച്ചാണ് അവർ മുന്നേറുന്നത്. പൊതുമേഖലാ സ്ഥാപനമെന്ന രീതിയിൽ എയർ ഇന്ത്യയുടെ പ്രതാപം കുറയുമ്പോൾ വെന്നിക്കൊടി പാറിച്ച ചില രാജ്യങ്ങളിലെ എയർലൈൻസുകൾ ഇതൊക്കെയാണ്..

ലുഫ്താൻസ

ജർമ്മനിയുടെ സ്വന്തം എയർലൈൻസ്. ജർമ്മനിയിലെ ഏറ്റവും വലിയ എയർലൈൻസെന്നതിലുപരി അനുബന്ധ കമ്പനികൾകൂടി ചേരുമ്പോൾ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻസ്. 18 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 78 രാജ്യങ്ങളിലായി 197 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. 1926-ൽ ബെർലിനിൽ സ്ഥാപിക്കപ്പെട്ട ഡച്ചേ ലുഫ്ത് ഹാൻസ എ ജി എന്ന എയർലൈൻസിൽ നിന്ന് തുടങ്ങുന്നതാണ് ലുഫ്താൻസയുടെ ചരിത്രം.

വിമാനങ്ങൾ :700


ബ്രിട്ടീഷ്‌ എയർവേയ്സ്

ബി.എ എന്നചുരുക്കപ്പേരിലാണ് ബ്രിട്ടീഷ് എയർവേയ്സ് അറിയപ്പെടുന്നത്. വിമാനങ്ങളുടെ എണ്ണത്തിൽ ബിട്ടിനിലെ ഒന്നാം സ്ഥാനക്കാരാണെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. ഈസിജെറ്റാണ് മുന്നിൽ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന് സമീപമാണ് ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ ഗ്രൂപ്പായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പിന്റെ (ഐ.എ.ജി) ഭാഗമാണ് ബ്രിട്ടീഷ്‌ എയർവേയ്സ്. 1971ൽ സിവിൽ ഏവിയേഷൻ ആക്ട്‌ പാസാക്കിയശേഷം ബ്രിട്ടീഷ്‌ ഓവർസീസ് കോർപറേഷൻ (ബി.ഒ.എസി), ബ്രിട്ടീഷ്‌ യൂറോപ്യൻ എയർവേയ്സ് (ബി.ഇ.എ) എന്നിവയുടെ നടത്തിപ്പിനായി ബ്രിട്ടീഷ്‌ എയർവേയ്സ് ബോർഡ് സ്ഥാപിച്ചു. രണ്ടുകമ്പനികളെയും ഒന്നാക്കി 1974 മാർച്ച്‌ 1നാണ് സ്ഥാപിച്ചത്.

ആറ് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ 160ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബ്രിട്ടീഷ്‌ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്. മനുഷ്യവാസമുള്ള 6 ഭൂഖണ്ഡങ്ങളിലേക്കും സർവീസ് നടത്തുന്ന ചുരുക്കം ചില എയർലൈനുകളിൽ ഒന്നാണിത്.

വിമാനങ്ങൾ: 280

എയർ കാനഡ

1937ലാണ് എയർ കാനഡ സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള 178 സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഒൻപതാമത്തെ എയർലൈൻ ആണിത്. 1936 ഏപ്രിൽ 11ന് കനേഡിയൻ നാഷണൽ റെയിൽവേയുടെ അനുബന്ധമായാണ് എയർ കാനഡയുടെ മുൻഗാമിയായ ട്രാൻസ് കാനഡ എയർലൈൻസ് സ്ഥാപിച്ചത്. പിന്നീട് ട്രാൻസ് കാനഡയെ എയർ കാനഡയാക്കി. 21 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും 81 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും എയർ കാനഡ സർവീസ് നടത്തുന്നു. പ്രാദേശിക പങ്കാളികളുമായി ചേർന്ന് 5 ഭൂഖണ്ഡങ്ങളിലെ 46 രാജ്യങ്ങളിലെ 181 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.

വിമാനങ്ങൾ :187

എയർ അറേബ്യ

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജ എമിറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ .ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രധാന ഹബ്.
മിഡിൽ ഈസ്റ്റ്‌, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിലെ 51 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജയിൽനിന്നും, 9 രാജ്യങ്ങളിലെ 28 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കാസബ്ലാങ്കയിൽനിന്നും, 4 രാജ്യങ്ങളിലെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അലക്സാണ്ട്രിയയിൽനിന്നും സർവീസ് നടത്തുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ ഒഫ് ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അംഗവുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ-ഖാസിമിയുടെ ഉത്തരവിനെത്തുടർന്ന് 2003 ഫെബ്രുവരി 3നാണ് എയർ അറേബ്യ സ്ഥാപിക്കപ്പെട്ടത്.

വിമാനങ്ങൾ:53

ഇത്തിഹാദ് എയർവേയ്സ്

ഐക്യ അറബ് എമിറേറ്റുകളുടെ (യു.എ.ഇ) പതാകവാഹക വിമാനവും ദേശീയ വിമാന സർവ്വീസുമാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ്. ഇന്ത്യയുൾപ്പെടെ 84 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. 2003 ലാണ് ഇത്തിഹാദിന്റെ തുടക്കം. എയർ ഇന്ത്യ വാങ്ങാൻ നേരത്തേ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു.

തുടക്കം മുതൽ ലാഭമാണെങ്കിലും കഴിഞ്ഞവർഷം 3,42,18,00,00,000 കോടി രൂപ നഷ്ടത്തിൽ. ചെലവ് ചുരുക്കലിലൂടെ നഷ്ടം നികത്തി ലാഭത്തിലാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

വിമാനങ്ങൾ: 200