കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിനെ വക്കം പഞ്ചായത്തുമായി ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായിലിൽ നിർമ്മിക്കുന്ന കായിക്കര കടവ്പാലം നിർമ്മാണത്തിനായി 28കോടി രൂപ അനുമതിയായി. സംസ്ഥാന സർക്കാരിന്റെ കിഫബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ മഹാകവി കുമാരനാശാൻെറയും കായിക്കരയിൽ ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെയും ജന്മസ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇൗ പാലം അഞ്ചുതെങ്ങ് വക്കം പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. ഇരു പഞ്ചായത്ത് നിവാസികൾക്കും ആശാൻ സ്മാരകവും ഖാദർ സ്മൃതി മണ്ഡപവും സന്ദർശിക്കുന്നവർക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇൗപാലം.
2322 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലംനിർമ്മിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും ഒന്നര മീറ്റർ നടപാതയുമുണ്ട്. അപ്രോച്ച് റോഡ് നിർമ്മാണത്തിന് അഞ്ചുതെങ്ങ് വില്ലേജിൽ 248 മീറ്ററും വക്കം വില്ലേജിൽ 188 മീറ്ററിലുമായി 202 സെന്റ് സ്ഥലം ഏറ്റെടുക്കണം. ആദ്യഘട്ടതുകയായ 5.50 കോടിയിൽ സ്ഥലം ഏറ്റെടുക്കും ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവത്തികളുടെ അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ്തു. 44.64 കോടി രൂപ അനുവദിച്ച ആലംകോട്, മീരാൻകടവ് റോഡിൽ പൈപ്പ് ലൈൻ ജോലികൾ കേരള വാട്ടർഅതോറിട്ടി ഉടൻ പൂർത്തിയാക്കും. 81.81 കോടി അനുവദിച്ച് കരവാരം,നഗരൂർ,പുളിമാത്ത്, സമഗ്ര ജലവിതരണ പദ്ധതിക്ക് ആവശ്യമായ ഭൂമി കൈമാറി നൽകാൻ കളക്ടർതലത്തിൽ പ്രവത്തി ഉൗർജിതമാക്കാനും യോഗത്തിൽ ധാരണയായി. കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.അബ്രഹാം, കിഫ്ബി, പി.ഡബ്ളിയു.ഡി,കേരള വാട്ടർ അതോറിട്ടി എന്നിവയെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 225 കോടിയോളം രൂപയുടെ വികസനമാണ് ആറ്റിങ്ങലിൽ കിഫ്ബി പദ്ധതിയിലൂടെ യഥാർത്ഥ്യമാക്കുന്നതെന്ന് സത്യൻ എം.എൽ.എ അറിയിച്ചു.