ന്യൂഡൽഹി: ഇത്തവണ ഡൽഹി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി വെറും 11.5 ശതമാനം സ്ത്രീ പ്രാതിനിധ്യം മാത്രം. ഫെബ്രുവരി 8നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിൽ നടക്കുന്ന വാശിയേറിയ പോരാട്ടങ്ങളിലേക്ക് 672 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയിരിക്കുന്നത്. ഇതിൽ വെറും 79 സ്ത്രീകൾ മാത്രമാണുള്ളത്. കളത്തിൽ ഏറ്റുമുട്ടുന്ന വമ്പൻമാരായ ആംആദ്മി, കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾ ഇക്കാര്യത്തിൽ പിന്നോട്ടാണ്. 24 സ്ത്രീകൾക്ക് മാത്രമാണ് ഈ മൂന്ന് പാർട്ടികളിലുമായി ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.
2013ൽ ആംആദ്മി അധികാരത്തിലെത്തുന്നതുവരെ 15 വർഷം കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് ഭരിച്ച ഡൽഹിയിലാണ് സ്ഥാനാർത്ഥിക്കാര്യത്തിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത്. ബി.ജെ.പിയുടെ സുഷമ സ്വരാജും ചെറിയ കാലയളവിൽ ഡൽഹിയുടെ മുഖ്യമന്ത്രിയായിരുന്നു. ഇത്തവണ പക്ഷേ, 2015ലെ ഡൽഹി തിരഞ്ഞെടുപ്പിൽ നിന്നും നേരിയ ഒരു വ്യത്യാസം ഉണ്ടായിട്ടുണ്ട്. അന്ന് എല്ലാ പാർട്ടികളിൽ നിന്നും ആകെ 66 സ്ത്രീകൾ മാത്രമാണ് മത്സരിച്ചത്. അതായത് 10 ശതമാനം സ്ത്രീ പ്രാതിനിധ്യം. ബി.ജെ.പി, ആപ്പ്, കോൺഗ്രസ് എന്നിവർക്ക് കൂടി ആകെ 19 വനിതാ സ്ഥാനാർത്ഥികൾ.
ഇത്തവണ കൽകാജി മണ്ഡലത്തിൽ നിന്നും ആതിഷി മർലേന ഉൾപ്പെടെ ഒമ്പത് സ്ത്രീകൾക്കാണ് ആപ്പിന്റെ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. 2013ൽ മൂന്ന് വനിതകളെയാണ് ആപ്പ് കളത്തിലിറക്കിയത്. അതേ സമയം ബി.ജെ.പിയുടെ ഭാഗത്ത് നിന്നും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. 2015ൽ എട്ട് സ്ത്രീകൾ മത്സരിച്ചെങ്കിൽ ഇത്തവണ അത് അഞ്ചായി ചുരുങ്ങി. സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ ലേബലിന് സ്ഥാനമില്ലെന്നും വിജയസാദ്ധ്യതയാണ് പ്രധാനമെന്നും ഡൽഹി ബി.ജെ.പി അദ്ധ്യക്ഷനും എം.പിയുമായ മനോജ് തിവാരി പറയുന്നു. കോൺഗ്രസാണ് ഇത്തവണ കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുന്നത്. 2015ൽ അഞ്ച് പേർ മത്സരിച്ചെങ്കിൽ ഇത്തവണ അതിന്റെ ഇരട്ടിയാണ്. കഴിഞ്ഞ വർഷം ആപ്പിൽ നിന്നും കോൺഗ്രസിലേക്ക് തിരിച്ചെത്തിയ അൽക്കാ ലംബ ഉൾപ്പെടെ കോൺഗ്രസിന്റെ 10 വനിതാ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാണ്. 33ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കാൻ കോൺഗ്രസ് ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്ര വ്യക്തമാക്കുന്നത്.
കാൽകാജിയിൽ ആപ്പിന്റെ ആതിഷിക്കെതിരെ മത്സരിക്കുന്നത് ചോപ്രയുടെ മകൾ ശിവാനിയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ആദ്യത്തെ എട്ട് ലോക്‌സഭകളിലും ഡൽഹിയെ പ്രതിനിധീകരിച്ച് സ്ത്രീകളൊന്നും ഉണ്ടായിട്ടില്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മീനാക്ഷി ലേഖി മാത്രമാണ് ഡൽഹിയിൽ നിന്നും പാർലമെന്റിലെത്തിയ ആകെ 7 എം.പിമാരിലെ ഏക വനിത. നോർത്ത് ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് ഷീല ദീക്ഷിത്, ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് ആതിഷി മർലേന എന്നിവർ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.