തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടുടമയെ മണ്ണുമാഫിയ ജെ.സി.ബിയും ടിപ്പറുമുപയോഗിച്ച് ഇടിച്ച് കൊന്ന സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. മണ്ണ് മാഫിയ സ്ഥലം കൈയേറിയ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസെത്താൻ ഒരു മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.
സംഭവ ദിവസം രാത്രി മാഫിയ സംഘം പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പൊലീസിനെ അറിയിച്ചിരുന്നു. വിവരം സ്റ്റേഷനിലെ ജി.ഡി ചുമതലയുള്ള ഉദ്യോഗസ്ഥൻ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി. എന്നാൽ ഇവർ സംഭവ സ്ഥലത്തെത്താൻ വൈകി.. സംഭവം അടുത്തിടെ ഉദ്‌ഘാടനം ചെയ്‌ത കീഴാറൂർ പാലത്തിന് സമീപമാണെന്നാണ് ജി.ഡി ചാർജുള്ള ഉദ്യോഗസ്ഥൻ പട്രോളിംഗ് സംഘത്തെ അറിയിച്ചത്. എന്നാൽ ഇവർ പേഴുംമൂട് വഴി മൂന്നാറ്റുമുക്കിലുള്ള പാലത്തിന് സമീപമാണെത്തിയത്. ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ വീണ്ടും പൊലീസുമായി ബന്ധപ്പെട്ടു. അതിനിടെ മൂന്നാറ്റുമുക്കിൽ അക്രമങ്ങളൊന്നും കാണാത്തതിനാൽ പട്രോളിംഗ് സംഘം സ്റ്റേഷനിൽ വിളിച്ചു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് വിളിച്ചവരുടെ ഫോൺ നമ്പർ പട്രോളിംഗ് സംഘത്തിന് ജി.ഡി കൈമാറി. പൊലീസുകാർ ഈ നമ്പരിൽ ബന്ധപ്പെട്ട ശേഷം പിന്നെയും അരമണിക്കൂർ കഴിഞ്ഞാണ് സ്ഥലത്തെത്തിയത്. ഇതിനിടെയാണ് മണ്ണ് മാഫിയ സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാർ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് പൊലീസെത്തിയത്.