തിരുവനന്തപുരം: സ്വന്തം ഭൂമിയിൽ നിന്ന് അനുവാദമില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ആരോപണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ് .പി സ്റ്റുവർട്ട് കീലറാണ് മൊഴിയെടുത്തത്.
സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് റൂറൽ എസ് .പി ബി.അശോകന്റെ നിർദ്ദേശാനുസരണമാണ് അന്വേഷണം . സംഭവം നടക്കുന്ന വിവരം എപ്പോഴാണ് അറിഞ്ഞതെന്നും എത്താൻ വൈകിയ കാരണവും ഡിവൈ.എസ് .പി ചോദിച്ചറിഞ്ഞു. ഇവർ പറഞ്ഞകാര്യങ്ങളിൽ പൊരുത്തക്കേടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അടുത്തിടെ ഉദ്‌ഘാടനം നടന്ന കീഴാറൂർ പാലത്തിന് സമീപം എത്തണമെന്ന നിർദ്ദേശം തെറ്റിദ്ധരിക്കാനിടയായ കാരണം എന്താണെന്ന് ഇവർക്കിനിയും വിശദമാക്കേണ്ടി വരും. ഡ്യൂട്ടിക്ക് നിർദ്ദേശം നൽകിയ ജി.ഡി.ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞകാര്യം തെറ്റായി കേട്ടതാണ് താമസിക്കാൻ കാരണമായതെന്നാണ് ഇവരെല്ലാം മൊഴി നൽകിയത് . എന്നാൽ യഥാർത്ഥ സ്ഥലത്തെ സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടായാലും ജീപ്പിൽ സാമാന്യ വേഗതയിലെങ്കിലും സഞ്ചരിച്ചിരുന്നെങ്കിൽ കൃത്യം നടക്കുന്നതിന് മുൻപ് പൊലീസിന് സ്ഥലത്ത് എത്താൻ കഴിയുമായിരുന്നുവെന്നും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നുമാണ് പരാതി .