തിരുവനന്തപുരം: ഗവർണറെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നോട്ടീസ് നൽകിയ പ്രമേയം ചട്ടപ്രകാരം സ്വീകാര്യയോഗ്യമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയുടെ കാര്യനിർവ്വഹണ ചട്ടം 130 പ്രകാരമുള്ള അത്തരമൊരു പ്രമേയം സഭയിൽ അവതരിപ്പിക്കുന്നതിന് നടപടിക്രമങ്ങൾ പാലിക്കണം. ചർച്ച അനുവദിക്കുന്നതിന് മുമ്പ് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യണം. സഭാനേതാവുമായി കൂടിയാലോചിച്ച് കാര്യോപദേശകസമിതിയിൽ വയ്ക്കണം. സർക്കാരിന്റെ നിലപാടും നോക്കണം..പ്രമേയത്തിന്റെ ഉള്ളടക്കത്തെപ്പറ്റി സ്പീക്കർക്ക് അഭിപ്രായം പറയാനാവില്ല. നടപടിക്രമത്തിൽ തെറ്റുണ്ടോയെന്നേ നോക്കേണ്ടൂ. വിഷയം ഗൗരവമുള്ളതല്ലേ എന്ന ചോദ്യത്തിന്, ഗൗരവമാണോ എന്നതല്ല പ്രധാനമെന്നായിരുന്നു മറുപടി.
പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്. സഭ ഇവിടെ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 175ൽ ഉപവകുപ്പ് രണ്ടനുസരിച്ച് നിയമസഭ അംഗീകരിച്ച പ്രമേയത്തിന്മേലോ ബില്ലിന്മേലോ എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ ഗവർണർ അത് സഭാദ്ധ്യക്ഷനെ രേഖാമൂലം അറിയിക്കണം. അങ്ങനെ എഴുതി അറിയിച്ചില്ലെന്നാണ് താൻ പറഞ്ഞത്. സഭ പ്രമേയം പാസ്സാക്കിയത് നിയമപരമായി എന്തോ തെറ്റാണെന്ന തോന്നൽ പൊതുസമൂഹത്തിനിടയിലുണ്ടായപ്പോൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സഭാ അദ്ധ്യക്ഷനെന്ന നിലയിൽ താൻ പുറത്ത് പറഞ്ഞു അത് ഗവർണറോടുള്ള പ്രതിഷേധമല്ല. ആരെങ്കിലും തെറ്റ് ചെയ്താൽ അവരോട് മുഖം തിരിച്ചുനടക്കുന്നത് ജനാധിപത്യരീതിയല്ല.
റിപ്പബ്ലിക് ദിനത്തിൽ ഗവർണറെ കണ്ടപ്പോൾ സൗഹാർദ്ദപരമായ സമീപനമായിരുന്നു. ഒന്നും വ്യക്തിപരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്കും സ്വധർമ്മമനുസരിച്ച് പ്രവർത്തിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞത് വളരെ പ്രധാനമാണ്.
നയപ്രഖ്യാപനം: ആശങ്ക വേണ്ട
നിയമസഭയിൽ ഇന്ന് ഗവർണർ അവതരിപ്പിക്കുന്ന നയപ്രഖ്യാപനത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സ്പീക്കർ പറഞ്ഞു. സർക്കാരിന്റെ നയം രൂപീകരിക്കുന്നതും,. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കുന്നതും മന്ത്രിസഭയാണ്. സർക്കാരിന്റെ നയം. സഭയെ അറിയിക്കേണ്ട ബാദ്ധ്യതയാണ് ഗവർണർക്ക്.