കാട്ടാക്കട : സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് തടഞ്ഞതിന്റെ പേരിൽ കീഴാറൂർ പാലത്തിന് സമീപം അമ്പലത്തുകാല കാഞ്ഞിരവിളയിൽ ശ്രീമംഗലം വീട്ടിൽ സംഗീത് ബാലനെ ജെ.സി.ബി കൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസിൽ മണ്ണ് മാഫിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. ജെ.സി.ബി തിരികെ കൊണ്ടുപോകാനായി സംഗീതിന്റെ കാറിനെ വഴിയിൽ നിന്ന് മാറ്റിയിട്ട കാട്ടാക്കട കട്ടക്കോട് കാരിയോട്ടുകോണം കുളത്തിൻകര വീട്ടിൽ ബൈജുവാണ് (36) പിടിയിലായത്. ഇയാൾ ടിപ്പർ ഡ്രൈവർ കൂടിയാണ്.
ഇതോടെ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. സംഭവത്തിന് തൊട്ടുമുൻപ് പ്രതി സജു പലരെയും വിളിച്ചുവരുത്തിയിരുന്നു. ഇവരെക്കൂടാതെ പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരും നിരീക്ഷണത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേർ പൊലീസ് നിരീക്ഷണത്തിലാണെന്നും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും സി.ഐ ഡി.ബിജുകുമാർ പറഞ്ഞു .
ജെ.സി.ബി ഉടമ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സ്റ്റാൻലി ജോൺ ( സജു ) , ടിപ്പർ ഉടമ കിഴമച്ചൽ പദ്മിനി നിവാസിൽ മണികണ്ഠൻ നായർ ( ഉത്തമൻ) , ജെ.സി.ബി ഡ്രൈവർ വിജിൻ, ടിപ്പർ ഡ്രൈവർ ലിനു, ക്ളീനർ മാറനല്ലൂർ കൂവളശേരി റോഡരികത്ത് വീട്ടിൽ മിഥുൻ, പ്രതികൾക്ക് രക്ഷപെടാൻ സൗകര്യമൊരുക്കിയ പുളിങ്കുടി പാലോട്ട്കോണം ലക്ഷ്മിഭവനിൽ ലാൽകുമാർ (ഉണ്ണി ) , ഒറ്റശേഖര മംഗലം വെള്ളാങ്ങൾ ഉഷഭവാനിൽ തേങ്ങാ അനീഷ് എന്നുവിളിക്കുന്ന വിനീഷ് എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത് .ജെ.സി.ബി ഡ്രൈവർ ചാരുപാറ സ്വദേശി വിജിൻ സംഭവത്തിന് പിറ്റേന്ന് കീഴടങ്ങിയിരുന്നു. പ്രതികളെ ഉടനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയേക്കും . ഇതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.