ചികിത്സകൾ ഒന്നടങ്കം പരീക്ഷിച്ചിട്ടും രോഗം ഭേദമാകില്ലെന്നു ബോദ്ധ്യപ്പെട്ടുകഴിഞ്ഞാൽ പിന്നെ ഒന്നേ ചെയ്യാനുള്ളൂ. ശാന്തമായ മരണം അനുവദിക്കുക. രാജ്യത്തിന് വൻ സാമ്പത്തിക ബാദ്ധ്യതയായി പണ്ടേ മാറിക്കഴിഞ്ഞ എയർ ഇന്ത്യ പൂർണമായും വിറ്റൊഴിക്കാനുള്ള കേന്ദ്ര തീരുമാനം എന്നേ നടപ്പിൽ വരുത്തേണ്ടതായിരുന്നു. ഒരു നടപടികൊണ്ടും രാജ്യത്തെ ഈ പൊതുമേഖലാ വിമാന കമ്പനിയെ രക്ഷിക്കാനാവില്ലെന്നു തെളിഞ്ഞു കഴിഞ്ഞതാണ്. ദിവസേന ഇരുപത്തഞ്ചുകോടി രൂപ നഷ്ടം സഹിച്ച് ഇതിനെ നിലനിറുത്തേണ്ട ഒരാവശ്യവും ഇല്ല. മാത്രമല്ല, എയർ ഇന്ത്യയെ സർക്കാർ പൂർണമായും കൈയൊഴിയുമ്പോൾ ആരും അതോർത്ത് കണ്ണീർ പൊഴിക്കാനും പോകുന്നില്ല. അത്രയധികം ശാപമേറ്റാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ നിൽപ്പ്.
എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രശ്നം അതൊന്നുമല്ല. രക്ഷപ്പെടുത്താനാവാത്ത വിധം വെള്ളത്തിൽ മുങ്ങിത്താഴ്ന്നു കഴിഞ്ഞ സ്ഥാപനം വാങ്ങാൻ ആരു തയ്യാറാകുമെന്ന ചോദ്യമാണ് കോർപ്പറേറ്റ് ലോകത്ത് സജീവമായി നിൽക്കുന്നത്. വിദേശ കമ്പനികൾക്ക് ഇന്ത്യയിലെ കമ്പനികളുമായി ചേർന്നേ 'മഹാരാജാവിനെ' വിലയ്ക്കെടുക്കാനാവൂ. ഏറ്റെടുത്താലും കമ്പനിയുടെ നിയന്ത്രണം ഇന്ത്യൻ കമ്പനിക്കായിരിക്കുമെന്ന നിബന്ധന വിദേശ കമ്പനികളെ പിറകോട്ടു നയിച്ചേക്കാം. രണ്ടു വർഷം മുൻപ് എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ കേന്ദ്രം വില്പനയ്ക്കു വച്ചതാണ്. ആരും മുന്നോട്ടു വന്നില്ല. വൻതോതിൽ പണം മുടക്കി വഴിയേ പോയ വയ്യാവേലി എടുത്തു തലയിൽ വയ്ക്കാൻ തയ്യാറാകുന്നവർ വിരളമായിരിക്കുമല്ലോ. മാർച്ച് 17 വരെയാണ് താല്പര്യപത്രം സമർപ്പിക്കാൻ സമയം നൽകിയിരിക്കുന്നത്. അപേക്ഷകരായി ആരും വന്നില്ലെങ്കിൽ എയർ ഇന്ത്യ പൂട്ടിക്കെട്ടാൻ തന്നെയാണ് തീരുമാനം. അടുത്ത സാമ്പത്തിക വർഷം എയർ ഇന്ത്യ എന്ന പൊതുമേഖലാ ഭീമൻ വ്യോമയാന ഭൂപടത്തിൽ ഒരുപക്ഷേ ഉണ്ടാകാനിടയില്ല.
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചശേഷമാകും വ്യോമരാജന്റെ വിടവാങ്ങൽ. 1932 ൽ ക്രാന്തദർശിയായ ടാറ്റ തുടങ്ങിയ വിമാന കമ്പനി 1952ൽ കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെയാണ് എയർ ഇന്ത്യയായി മാറിയത്. 13600 ജീവനക്കാരും 172 വിമാനങ്ങളുമുള്ള എയർ ഇന്ത്യ വർഷങ്ങളായി തുടർച്ചയായി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തിന്റെ കൂടപ്പിറപ്പായ സകല ഏനക്കേടുകളും അതിനുണ്ട്. യൂണിയനുകളുടെ ബാഹുല്യവും ജീവനക്കാരുടെ നിഷേധാത്മക സമീപനവും കുത്തഴിഞ്ഞ മാനേജുമെന്റും കേന്ദ്രം ഭരിക്കുന്നവരുടെ തലതിരിഞ്ഞ നയങ്ങളും വ്യോമയാന രംഗത്തെ മാത്സര്യവുമെല്ലാം എയർ ഇന്ത്യയെ പടിപടിയായി നാശത്തിലേക്ക് തള്ളിവിട്ട പ്രബല ഘടകങ്ങളാണ്. കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ അനുവദിക്കുന്ന ധനസഹായം കൊണ്ടാണ് സ്ഥാപനം ഇത്രയുംനാൾ പിടിച്ചുനിന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നീർച്ചുഴിയിൽ പെട്ടു നിൽക്കുന്ന കേന്ദ്ര സർക്കാരിനും ഇനി എയർ ഇന്ത്യക്കായി പണമൊഴുക്കാൻ സാദ്ധ്യമാകാതെ വന്നിരിക്കുകയാണ്. മാത്രമല്ല എത്ര പണം പമ്പു ചെയ്താലും ലാഭത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാകാത്തവിധം അതു തകർന്ന നിലയിലായിക്കഴിഞ്ഞു. അന്താരാഷ്ട്ര വ്യോമ ഭൂപടത്തിൽ എയർ ഇന്ത്യയ്ക്കുള്ള അദ്വിതീയ സ്ഥാനം പഴങ്കഥയാകുമ്പോൾ അതോർത്തു വിലപിക്കാൻ കുറച്ചു ജീവനക്കാർ മാത്രമേ കാണുകയുള്ളൂ.
62000 കോടിയുടെ കട ബാദ്ധ്യതയിൽ 38714 കോടി രൂപ കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നാണ് പറയുന്നത്. വാങ്ങാനെത്തുന്നവർക്ക് ബാദ്ധ്യതയായി ശേഷിക്കുക 23286 കോടി രൂപയാകും. ഇത്രയും വലിയ സംഖ്യയുടെ ബാദ്ധ്യതയുമായി എയർ ഇന്ത്യയെ കൈക്കൊള്ളാൻ ആരു തയ്യാറാകുമെന്നതാണ് പ്രശ്നം. എത്തിഹാദ്, ഇൻഡിഗോ വിമാനകമ്പനികൾ അടുത്തിടെ എയർ ഇന്ത്യ ഏറ്റെടുക്കാൻ താല്പര്യം കാണിച്ചതാണ്. എന്നാൽ ആ നീക്കം വിജയിച്ചില്ല. ലാഭത്തിൽ നടക്കുന്ന വിമാന കമ്പനിയാണ് ഇൻഡിഗോ. ലോകത്തെ വ്യോമയാന ചരിത്രത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള എയർ ഇന്ത്യ ഓർമ്മയാകുമെങ്കിലും അതിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങൾക്ക് തുടർന്നും പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകുമെന്നാണ് സൂചന. മലയാളികളെ സംബന്ധിച്ചിടത്തോളം എയർ ഇന്ത്യ എന്ന നാമം അവിസ്മരണീയമാണ്. ഒരുകാലത്ത് ലക്ഷക്കണക്കിന് മലയാളികളുടെ ഗൾഫ് യാത്രയ്ക്ക് ആശ്രയം എയർ ഇന്ത്യയായിരുന്നു. ഈ വകയിൽ ഏറ്റവുമധികം അവർ ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. ഉത്തരവാദിത്വ ബോധമില്ലാത്ത എയർ ഇന്ത്യ ജീവനക്കാരിൽ നിന്നുള്ള അധിക്ഷേപങ്ങൾ സഹിച്ചുകൊണ്ടായിരുന്നു പലരുടെയും ആകാശ സഞ്ചാരം. ഗൾഫ് മലയാളികളുടെ ശാപവചനങ്ങൾ ഏറ്റു വാങ്ങിയാണ് ഒരുകാലത്ത് എയർ ഇന്ത്യ വൻ ലാഭം നേടിയിരുന്നത്. ഇപ്പോഴും സീസൺകാലത്ത് ഏറ്റവും ഉയർന്ന യാത്രക്കൂലി അടിച്ചേല്പിക്കുന്നതിൽ എയർ ഇന്ത്യയും ഒട്ടും പിന്നിലല്ല.
പൊതുമേഖലയ്ക്കുവേണ്ടി ഉറക്കെ വാദിക്കുന്നവർക്കുള്ള മറ്റൊരു പാഠപുസ്തകമാണ് എയർ ഇന്ത്യ. രാജ്യത്തിന്റെ അഭിമാനമായിരുന്ന ഒരു സ്ഥാപനം നഷ്ടത്തിന്റെ നടുക്കയത്തിൽപ്പെട്ട് ഒടുവിൽ പൂട്ടുവീഴുന്ന പതനത്തിലെത്തിയതിന്റെ നാൾവഴി മാനേജ്മെന്റ് വിദ്യാർത്ഥികൾ ആഴത്തിൽ പഠിക്കുക തന്നെ വേണം. എയർ ഇന്ത്യയെ നിലനിറുത്താൻ വേണ്ടി സർക്കാർ ഇതുവരെ മുടക്കിയ പണം കൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാമായിരുന്നു.