കുഴിത്തുറ: മാർത്താണ്ഡത്തുള്ള സ്വർണക്കടയിലും സ്വർണക്കടക്കാരന്റെ വീട്ടിലും നിന്ന് 177പവൻ സ്വർണവും 1ലക്ഷം രൂപയും കവർന്നു. മാർത്താണ്ഡം വിരിക്കോട് സ്വദേശി ആസയ് തമ്പിയുടെ മകൻ പൊൻവിജയുടെ (40)കടയിലാണ് മോഷണം നടന്നത്. പൊൻവിജയ് മാർത്താണ്ഡം ബസ്‌സ്റ്റാൻഡിന്റെ എതിർവശത്ത് ജയശ്രീ എന്ന സ്വർണക്കടയും ഹാർഡ്‌വെയർ കടയും നടത്തിവരുകയാണ്. ഇന്നലെ (28) രാവിലെ വീട്ടിലെ പൂജാമുറിയിൽ ഉണ്ടായിരുന്ന സ്വർണവും കടയുടെ താക്കോലും നഷ്ടമായതു കണ്ട പൊൻവിജയ് കടയിൽ ചെന്നപ്പോൾ അവിടെനിന്നും സ്വർണം മോഷ്ടിച്ചതായി കണ്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥ്,തക്കല ഡി.എസ്.പി രാമചന്ദ്രൻ,കുലശേഖരം എസ്.ഐ സുന്ദരലിംഗം,മാർത്താണ്ഡം എസ്.ഐ.ശിവശങ്കർ,കളിയിക്കാവിള എസ്.ഐ രഘുബാലാജി, തമിഴ്നാട് സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ്, ഫോറൻസിക് വിദഗദ്ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി തെളിവ് ശേഖരിച്ചു.
സംഭവത്തെക്കുറിച്ച് ജില്ലാ സൂപ്രണ്ട് ശ്രീനാഥ് പറഞ്ഞത് ഇങ്ങനെ: രാത്രി കള്ളൻ വീടിന്റെ മുകളിലത്ത നിലയിലുള്ള വാതിൽ തകർത്ത് അകത്ത് കയറി പൂജാമുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന 57പവൻ സ്വർണവും കടയുടെ താക്കോലും മോഷ്ടിച്ചശേഷം പുലർച്ചെ 3മണിക്ക് കടയിലെത്തി 120പവൻ സ്വർണവും 1ലക്ഷം രൂപയും കവരുകയായിരുന്നു. പ്രതിയെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടന്നും മോഷ്ടാവിനെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. മാർത്താണ്ഡം പൊലീസ് കേസെടുത്തിട്ടുണ്ട്.
|