തിരുവനന്തപുരം: മലയാളത്തിൽ ഇന്നോളം പുറത്തിറങ്ങിയ സ്ത്രീപക്ഷ സിനിമകളെയെല്ലാം വെല്ലുന്ന ജീവിതമായിരുന്നു ജമീലാ മാലിക് എന്ന അഭിനയത്രിയുടേത്. പറയാൻ ഒരു പിടി ചിത്രങ്ങളേയുള്ളൂവെങ്കിലും അതെല്ലാം വേറിട്ട വേഷങ്ങളായിരുന്നു.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിതയെന്ന റെക്കാഡും ജമീലയ്ക്കായിരുന്നു. പക്ഷേ സിനിമാലോകം അവരെ മറന്നു. വേണ്ടവിധത്തിൽ ജമീല എന്ന നടിയെ ഉപയോഗിച്ചില്ല എന്ന് വേണം പറയാൻ. തിരിച്ചടികൾ മാത്രം നേരിട്ടിട്ടും തലനിവർത്തിപ്പിടിച്ച് തന്നെ അവർ ജീവിച്ചു. ജീവിതത്തിൽ ഹോസ്റ്റൽ മേട്രനായും ഹിന്ദി അദ്ധ്യാപികയായുമൊക്കെ അവർ വേഷം കെട്ടി. ഒടുവിൽ മരണത്തിന്റെ തിരശീലയ്ക്കുള്ളിലേക്ക് മറഞ്ഞു.
കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മയുടെയും മകളായി 1946 മേയ് 23ന് ആലപ്പുഴ മുതുകുളത്തായിരുന്നു ജമീലയുടെ ജനനം.
അറിയപ്പെട്ടിരുന്ന കുടുംബമായിരുന്നു ജമീലയുടേത്. കോന്നിയിലെ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായ അമ്മ തങ്കമ്മ ഗാന്ധിജിയുടെ ആശ്രമത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചതും അവരെ ക്ഷണിച്ച് ഗാന്ധിജി മറുപടി കത്ത് എഴുതിയതുമെല്ലാം ചരിത്രമാണ്. സ്കൂളിൽ പഠിക്കുമ്പോൾ നാടക രംഗത്തൊക്കെ ജമീല സജീവ സാന്നിദ്ധ്യമായി. ഇതിനിടെ നടൻ മധുവിന്റെ നാടകസംഘത്തിലെത്തി. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് മിടുക്കിയാകണമെന്ന് നിർദേശിച്ചത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു. അങ്ങനെ 1970ൽ തന്റെ16-ാം വയസിൽ പൂനയിലേക്ക് ജമീല വണ്ടി കയറി.
ഇൻസ്റ്റിറ്റ്യൂട്ടിൽ ജയാഭാധുരി (ജയാബച്ചൻ) ജമീലയുടെ സീനിയറായിരുന്നു.
കെ.ജി.ജോർജ്, രാമചന്ദ്രബാബു, കെ.ആർ.മോഹനൻ, ഷാജി എൻ.കരുൺ എന്നിവരെല്ലാം ജമീലയുടെ സഹപാഠികളായിരുന്നു. പഠനകാലത്ത് കെ.ജി.ജോർജിന്റെ ഡിപ്ലോമ സിനിമയായ 'ഫേയ്സി"ൽ നായികയായി. രാജ്യത്തെതന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായി പിന്നീട് അറിയപ്പെട്ട രാമചന്ദ്രബാബുവായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 1973ൽ പുറത്തിറങ്ങിയ എൻ.എൻ.പിഷാരഡി സംവിധാനം ചെ്യത 'റാഗിംഗ്' എന്ന പി.ജെ. ആന്റണി നായകനായ ചിത്രത്തിലൂടെ ആദ്യമായി നായികയായി. അതിനു മുമ്പ് 1971ൽ പുറത്തിറങ്ങിയ കെ.എസ്. സേതുമാധവന്റെ 'ലൈൻ ബസി'ലും മധു സംവിധാനം ചെയ്ത 'സതി'യിലും അഭിനയിച്ചിരുന്നു.
'പാണ്ഡവപുരം', 'ആദ്യത്തെ കഥ', 'രാജഹംസം', 'ലഹരി' തുടങ്ങിയ ചിത്രങ്ങളിൽ നായികയായി. ഇതിൽ ജി.എസ്. പണിക്കർ സംവിധാനം ചെയ്ത പാണ്ഡവപുരത്തിൽ ദേവി ടീച്ചർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.എം.ജി.ആറിന്റെ ഒരു ചിത്രത്തിൽ നായികയായി നിശ്ചയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടു.
ജയലളിത ഏറ്റവും ഒടുവിൽ നായികയായി അഭിനയിച്ച നദിയെ തേടി വന്ന കടൽ എന്ന ചിത്രത്തിൽ രണ്ടാം നായിക ജമീലയായിരുന്നു. 1986നു ശേഷം സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ സിരീയലുകളിൽ അഭിനയിച്ചു.
സിനിമയിൽ സജീവമായിരുന്ന കാലത്തായിരുന്നു ജമീലയുടെ വിവാഹം. ഒരുവർഷം നീണ്ട ദാമ്പത്യം അവസാനിക്കുമ്പോൾ ഒരു മകൻ മാത്രമായിരുന്നു സമ്പാദ്യം. വിവാഹബന്ധം വേർപിരിഞ്ഞതോടെ ചെന്നൈയിലെ ജീവിതം അവസാനിപ്പിച്ച് ജമീല കേരളത്തിലെത്തി. ഇതിനിടയിൽ മകന്റെ ചികിത്സയ്ക്കും മറ്റുമായി ഒരുപാട് പണം ചെലവായി. അച്ഛന്റെയും സഹോദരന്റെയും മരണങ്ങൾ പിന്നാലെ എത്തിയതോടെ ജമീല ആകെ തളർന്നു. ജീവിക്കാൻ കല മാത്രം പോര എന്ന് തിരിച്ചറിഞ്ഞ ജമീല ഹിന്ദി എം.എ പൂർത്തിയാക്കി. ജീവിതം വഴിമുട്ടുമെന്ന് തോന്നിയപ്പോൾ സ്‌കൂൾ അദ്ധ്യാപകയുടെ വേഷമണിഞ്ഞു. അതിനിടെ അമ്മ കൂടി വിടപറഞ്ഞതോടെ ജമീലയും മകനും ഒറ്റപ്പെട്ടു. ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ എഴുതിയ ജമീലയുടെ ദാസ്താനി റൂഫ്, കരിനിഴൽ, തൗബ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരറാന്തലിന്റെ വെളിച്ചത്തിൽ' എന്നൊരു നോവലും എഴുതിയിട്ടുണ്ട്.