വർക്കല: വർക്കല എക്സൈസ് റേഞ്ച് ഓഫീസിൽ ജീവനക്കാരുടെ അഭാവം നിമിത്തം ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. അടിയന്തരഘട്ടങ്ങളിൽ വരുന്ന ഫോൺ വിളികളുടെ പശ്ചാത്തലത്തിൽ എത്തിച്ചേരാൻ എക്സൈസിന്റെ വാഹനവും ഇവർക്കില്ല. ഒരുമാസമായി എക്സൈസിന്റെ വക ജീപ്പ് കട്ടപ്പുറത്താണ്.
പ്രധാന ടൂറിസം കേന്ദ്രമായ വർക്കലയിൽ അബ്കാരി കേസുകളും, നാർക്കോട്ടിക്ക് കേസുകളും ഓരോ ദിനവും വർദ്ധിച്ചു വരുമ്പോഴാണ് ഈ ഓഫീസിനെ എക്സൈസ് വകുപ്പ് അവഗണിക്കുന്നത്.
ആദ്യഘട്ടത്തിൽ കൂടുതൽ എക്സൈസ് പൊലീസുകാരും അനുബന്ധ ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുടെ എണ്ണം ഗണ്യമായി കുറയുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ ലഹരിവർജനമിഷൻ, വിമുക്തി ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികളും പൊതുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന് മതിയായ പൊലീസുകാരില്ലാത്തതിനാൽ തടസം നേരിടുന്നുണ്ട്. റേഞ്ച് പരിധിയിലെ 23 സ്കൂളുകളിലും 5 കോളേജുകളിലും വിമുക്തി ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ക്ലബുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ ജീവനക്കാരുടെ സേവനം ആവശ്യമാണ്.