വിതുര: നടുറോഡിൽ ജീവനുകൾ പൊലിയുമ്പോൾ നിസംഗതയോടെ നോക്കിനിൽക്കുകയാണ് അധികാരികൾ.ജീവൻ പോകുന്നവരേക്കാൾ ജീവച്ഛവമായി കിടക്കുന്നവരാണ് ഏറെയും. മലയോര റോഡുകളിൽ അപകടങ്ങൾ പെരുകുമ്പോൾ ആശങ്കാകുലരായി നിൽക്കുകയാണ് നാട്ടുകാർ.
വിതുര-പാലോട് റോഡിൽ അപകടങ്ങൾ പതിവാണ്. ചെറ്റച്ചൽ മുതൽ ചായം വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്.കഴിഞ്ഞ ദിവസം ചെറ്റച്ചൽ മരുതുംമൂട് മുസ്ലിം ജമാഅത്ത് പള്ളിക്ക് മുൻവശത്ത് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.മൂന്നാഴ്ച മുൻപ് ചായം ദർപ്പക്ക് സമീപം വച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിതുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മരിച്ചിരുന്നു.ഇവിടെ നേരത്തെ കാർ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുൻപ് ദർപ്പയിൽ വച്ച് ഒരു വീട്ടമ്മ ബസിടിച്ച് മരിച്ച സംഭവവുമുണ്ട്.മേലേ കൊപ്പത്ത് വച്ച് സൈക്കിൾ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിയും ബസിടിച്ച് മരിച്ചിരുന്നു.വിതുര ഗവഹൈസ്കൂൾ,ഗവ യു.പി.എസ്,ചായം ഗവ ൺഎൽ.പി.എസ്,ചെറ്റച്ചൽ ഗവ ഹൈസ്കൂൾ,ചായം ഒാൾസെയിൻറ്സ് പബ്ലിക് സ്കൂൾ,വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പ്രധാന റോഡുകൂടിയാണ് വിതുര-ചെറ്റച്ചൽ റോഡ്. അനവധി വിദ്യാർത്ഥികൾ റോഡരിലൂടെ നടന്നാണ് സ്കൂളുകളിൽ എത്തുന്നത്.വാഹനങ്ങളുടെ അമിത വേഗത്തിന് തടയിടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും,രക്ഷകർത്താക്കളും സ്കൂൾ അധികാരികളും അനവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടിഉണ്ടായില്ല.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അമിതവേഗം അശ്രദ്ധ
അമിതവേഗതയും അശ്രദ്ധയുമാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.ഇരുചക്രവാഹനങ്ങൾ റോഡിലൂടെ ചീറിപ്പായുകയാണ്.അനവധി കാൽനടയാത്രികരെ ബൈക്കിടിച്ച സംഭവവുമുണ്ട്.റോഡരികിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഇടി ഉറപ്പാണ്.അമിതവേഗത വിദ്യാർത്ഥികൾക്കും തലവേദനയായി മാറിയിട്ടുണ്ട്.
റോഡ് ടാറിട്ടു അപകടം വർദ്ധിച്ചു
നിർദ്ദിഷ്ഠ വെള്ളനാട്-ചെറ്റച്ചൽ റോഡ് നിർമ്മാണത്തിൻെറ ഭാഗമായി വർഷങ്ങളായി തകർന്നുകിടന്ന റോഡ് ടാറിംഗ് നടത്തിയതോടെയാണ് അപകടങ്ങൾ തുടർക്കഥയായി മാറിയത്.ചെറ്റച്ചൽ മുതൽ ചായം വരെയാണ് റോഡ് അത്യാധുനികരീതിയിലാണ് നവീകരിച്ചത്.ഇൗ ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്.റോഡിൽ ഒരിടത്തും ഹമ്പുകൾ സ്ഥാപിച്ചിട്ടില്ല.
അപകടങ്ങൾ ജില്ലയിൽ
2015....(അപകടങ്ങൾ) 2866 .....(മരണം) 321
2016..... (അപകടങ്ങൾ) 2962 .... (മരണം) 351
2017.....3146 ..... 325
2018....... 3223 .... 342
2019.....3348........385
അപകടങ്ങളുടെ കണക്ക്
വിതുര-ചെറ്റച്ചൽ റോഡിൽ
മരണം...3
കാർഅപകടം....12
ബൈക്കപകടം......38
ബസ് അപകടം......4
വിതുര ചെറ്റച്ചൽ റോഡിൽ ചായം മുതൽ ചെറ്റച്ചൽ വരെയുള്ള ഭാഗത്ത് വർദ്ധിച്ചുവരുന്ന അപകടങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണം
ടി.വി.രാമചന്ദ്രൻനായർ
പ്രസിഡന്റ് മരുതുംമൂട്
സ്വദേശാഭിമാനി ഗ്രന്ഥശാല