politics

ബാലരാമപുരം: ബി.ജെ.പി സർക്കാർ ആവിഷ്കരിച്ച പൗരത്വഭേദഗതി നിയമം 130 കോടി ഇന്ത്യൻജനതയോടുള്ള വെല്ലുവിളിയാണെന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിലാണ് ജനതയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എം. വിൻസെന്റ് എം.എൽ.യുടെ ലോങ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമാകമാനം നടക്കുന്ന പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ പരിപൂർണ പിൻതുണയുണ്ടെന്നും ഭരണഘടനയെ സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായി മുന്നേറണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിഴിഞ്ഞം ഗുഹാക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച ലോങ്ങ്മാർച്ച് ഗോപിനാഥൻ നായർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് അഭിവാദ്യമർപ്പിച്ചു. വിവിധ സാമൂഹിക ,സാംസ്കാരിക , മതസംഘടനകളിലെ ആയിരത്തിൽപ്പരം പേർ മാർച്ചിൽ അണിചേർന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്,​ കെ.എസ്. ശബരീനാഥൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപനസമ്മേളത്തിൽ യു.ഡി.എഫ് കോവളം മണ്ഡലം ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ വിൻസെന്റ് ഡി പോൾ, ​പി.കെ. സാംദേവ്,​ ആഗ്നസ് റാണി,​ കെ.വി. അഭിലാഷ്,​ വി.എസ്. ഷിനു, സി.കെ. വത്സലകുമാർ,​ വിപിൻജോസ്,​ ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞിരംകുളം ശിവകുമാർ,​ വെങ്ങാനൂർ ശ്രീകുമാർ,​ മുജീബ് റഹ്മാൻ,​ എ.എം. സുധീർ തുടങ്ങിയവരും സംസാരിച്ചു.