m-t-ramesh

വർക്കല : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിൽ നുണ പ്രചാരണം മാത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് പൗരത്വ ബില്ലിനെതിരെയുളള പ്രചരണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കരി നിയമമാണെന്നും അത് കേരളത്തിൽ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച കേരളസർക്കാറാണ് നിലവിൽ ഏറ്റവും കൂടുതൽ യു.എ.പി.എ ചുമത്തുന്ന സംസ്ഥാനം. അതുപോലെ തന്നെയാണ് പൗരത്വ ബില്ലും. വരാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ സമാഹരിക്കാനുള്ള കാട്ടികൂട്ടലുകളാണ് ഇരുകൂട്ടരും ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടി കാട്ടി. വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച പ്രകടനം വർക്കല മൈതാനിയിൽ പൊതുസമ്മേളനത്തോടുകൂടി അവസാനിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ബിജെപി മണ്ഡലം പ്രസിഡന്റ് അജൂലാൽ, ബി.എം.എസ് മേഖല സെക്രട്ടറി അനിൽ,ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി മാവിള ബാബു, സേവാഭാരതി താലൂക്ക് സെക്രട്ടറി സുനിൽകുമാർ, തച്ചോട് സുധീർ, കോവിലകം മണികണ്ഠൻ, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.