ഗ്യാസ്ട്രിക് സ്ളീവ് എന്ന ശസ്ത്രക്രിയാരീതിയിലും ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുക തന്നെയാണ് ചെയ്യുന്നതെങ്കിലും ബാൻഡ് ഘടിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ അധിക ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. നേന്ത്രപ്പ ഴത്തിന്റെ ആകൃതിയിലുള്ള ഭാഗമായിരിക്കും ശസ്ത്രക്രിയയ്ക്കുശേഷമുണ്ടാവുക. ആമാശയത്തിലെ വീർത്തിരിക്കുന്ന സ്വാഭാവിക ആകൃതിക്ക് പകരം ഏറക്കുറെ ഒരു കുഴലിന്റെ ആകൃതിയിൽ ആയിരിക്കും ശസ്ത്രക്രിയാനന്തരമുള്ള ആമാശയം. ആമാശയത്തിന്റെ 15 ശതമാനം വലിപ്പം മാത്രം നിലനിറുത്തുന്നതിലൂടെ കുറഞ്ഞ അളവ് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞ സംതൃപ്തി അനുഭവപ്പെടും. ശരീരത്തിന് ആവശ്യമായ അളവിലുള്ള പോഷകങ്ങൾ മാത്രം ലഭിക്കുകയും ചെയ്യും.
മാത്രമല്ല ആമാശയ ഭിത്തിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രെലിൻ എന്ന ഹോർമോണിന്റെ നിയന്ത്രണത്തോടെ ആഹാരത്തോടുള്ള അമിത ആർത്തി ഇല്ലാതുന്നു. ഗ്യാസ്ട്രിക് ബൈപ്പാസ് എന്ന മൂന്നാമത്തെ ശസ്ത്രക്രിയ രീതിക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യഭാഗത്ത് ഒരു സ്റ്റേപ്പിൾ ഉപയോഗിച്ച് ആമാശയത്തിന് മുകൾഭാഗത്തെ ഒരു ചെറിയ പൗച്ച് രൂപപ്പെടുത്തുകയും മറ്റു രീതികളിലെ പോലെ വലിപ്പം കുറയ്ക്കുകയും ചെയ്യും. പിന്നീട് ചെറുകുടലിന്റെ ഒരു ഭാഗം നേരത്തെ രൂപപ്പെടുത്തിയ ചെറിയ ആമാശയ സഞ്ചിയുമായി നേരിട്ട് കൂട്ടിയിണക്കും.
കഴിക്കുന്ന ആഹാരം ചെറുകുടലിന്റെ ആദ്യഭാഗം ഉൾപ്പെടെ വലിയൊരു ദൂരം മറികടക്കുകയും അതുകഴിഞ്ഞ് ആഗിരണം ചെയ്യപ്പെടുന്ന ഊർജത്തിന്റെ അളവിൽ ഗണ്യമായ കുറവ് വരികയും ചെയ്യും. വേർതിരിക്കപ്പെട്ട പ്രധാന ആമാശയ ഭാഗത്തെ വീണ്ടും ചെറുകുടലിന്റെ താഴ് ഭാഗവുമായി ബന്ധിപ്പിക്കുക വഴി ദഹനരസങ്ങൾക്ക് ആമാശയത്തിൽ നിന്ന് അനായാസം ഒഴുകിയെത്താനും സാധിക്കും. ഡിയോഡിനൽ സ്വിച്ച് എന്ന നാലാമത്തെ രീതി കൂടി ഉണ്ടെങ്കിലും ഈ ശസ്ത്രക്രിയ കുറേക്കൂടി സങ്കീർണമായതിനാൽ അത്ര സാധാണമല്ല.