തിരുവനന്തപുരം: മാർച്ചിൽ നടക്കുന്നഇത്തവണത്തെ വാർഷിക പരീക്ഷയിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഇടകലർത്തി ഇരുത്തില്ല. ഇന്നലെ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ്തീരുമാനം. .
ഇരു വിഭാഗം വിദ്യാർത്ഥികളെയും ഇടകലർത്തി ഇരുത്തി പരീക്ഷയെഴുതിപ്പിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം.
എന്നാൽ, 2034 പരീക്ഷാ കേന്ദ്രങ്ങളിൽ 1689 എണ്ണത്തിലും ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ വെവ്വേറെ ഇരുത്തി പരീക്ഷ എഴുതിക്കാനാവുമെന്ന് പരിശോധനിൽ കണ്ടെത്തി. ശേഷിക്കുന്ന സ്‌കൂളുകളിൽ അത്യാവശ്യമെങ്കിൽ മാത്രമേ ഇടകലർത്തേണ്ട സാഹചര്യം ഉണ്ടാകൂ. ഇതും പരമാവധി ഒഴിവാക്കാൻ ശ്രമിക്കും. . 58 സ്‌കൂളുകളിൽ കൂടുതൽ സ്ഥലസൗകര്യമുള്ള ക്ലാസുകളിൽ മൂന്നു വീതം ബെഞ്ചും ഡെസ്‌ക്കും അധികമായി വിന്യസിച്ച് 40 കുട്ടികളെ വരെ ഇരുത്തി പരീക്ഷ നടത്തേണ്ടതായി വരും. മാർച്ച് 10നാണ് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്.
സ്കൂൾ വാർഷിക
പരീക്ഷകൾ
എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് രണ്ടിന് ആരംഭിച്ച് 30ന് അവസാനിക്കും. ഹൈസ്‌കൂളിനോടു ചേർന്നുള്ള യു.പി., എൽ.പി വിഭാഗം പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. 30 ന് അവസാനിക്കും. സ്വതന്ത്രമായി നിൽക്കുന്ന യു.പി., എൽ.പി. ക്ലാസുകളിൽ മാർച്ച് 20ന് പരീക്ഷ ആരംഭിച്ച് 30ന് അവസാനിക്കും. മുസ്ലീം സ്‌കൂളുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിച്ച് എട്ടിന് അവസാനിക്കും.
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടപ്പാക്കുന്ന മെന്ററിംഗ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന 'സഹിതം' പോർട്ടലിലേക്ക് വിവരശേഖരണം ഉടൻ നടത്തും. ആദ്യഘട്ടമായി 1630 സ്‌കൂളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളുടെ വിവരശേഖരണമാണ് . ഈ വർഷത്തെ പഠനോത്സവം ഫെബ്രുവരിയിൽ നടത്തുന്നതിനും തീരുമാനമായി.
ഡി.ജി.ഇ കെ.ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ജെ.പ്രസാദ്, അദ്ധ്യാപക സംഘടനാ നേതാക്കളായ എൻ.ശ്രീകുമാർ, കെ.സി.ഹരികൃഷ്ണൻ, ഇ.കെ.അജിത്, ജയിംസ് കൂര്യൻ, ഇ.കെ.വിജയൻ, എ.കെ.സൈനുദ്ദീൻ, അനൂപ് എന്നിവർ പങ്കെടുത്തു.