നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ സംരംഭമായ സമൃദ്ധി അഗ്രി ബിസിനസ് ഇൻകുബേഷൻ സെന്റർ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3ന് മുണ്ടേലയിൽ മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു അറിയിച്ചു.കെ.എസ് ശബരിനാഥൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ആദ്യ വില്പന അടൂർ പ്രകാശ് എം.പിയും നവീകരിച്ച തുടർവിദ്യാ കേന്ദ്രം ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും നിർവഹിക്കും.ബ്ലോക്ക് ജൈവ ഗ്രാമത്തിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതാണ് സമൃദ്ധി പദ്ധതി.തൊഴിൽ രഹിതരായ യുവതി-യുവാക്കൾക്ക് പരിശീലനവും പദ്ധതിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.