തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപനത്തിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വായിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ അറിയിച്ചു. ഇന്ന് രാവിലെ 9നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
ഗവർണറിലേക്ക് കേരളം ഉറ്റുനോക്കുന്നതിനിടെയാണ്, പൗരത്വവിഷയത്തിലെ പരാമർശങ്ങൾ വായിക്കില്ലെന്ന് ഭരണഘടനാ ചട്ടവും സുപ്രീംകോടതി വിധിയും ഉദ്ധരിച്ച് ഗവർണർ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്. മന്ത്രിസഭ അംഗീകരിച്ച കരട് നയപ്രഖ്യാപനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് സർക്കാർ അറിയിച്ചതിനുശേഷമായിരുന്നു ഇത്.
സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്.
വിയോജിപ്പുള്ള ഭാഗം വായിക്കാതെ വിടുമെങ്കിലും നിയമസഭയിൽ സർക്കാരിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന സമീപനം ഗവർണറിൽ നിന്നുണ്ടായേക്കില്ല. അഥവാ, ഗവർണർ പ്രസംഗത്തിലെ ഉള്ളടക്കത്തിനപ്പുറം കടന്ന് എന്തെങ്കിലും പരാമർശം നടത്തിയാലും സ്പീക്കർക്ക് അത് രേഖയിൽ നിന്ന് നീക്കം ചെയ്യാം.
റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുമായും സ്പീക്കറുമായും ഗവർണർ നടത്തിയ കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു. ഇരുപക്ഷത്തും അയവാർന്ന സമീപനത്തിലേക്ക് കാര്യങ്ങൾ മാറി. ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടാലും അത് വായിച്ചതായി കണക്കാക്കി രേഖയുടെ ഭാഗമാകുമെന്ന് മുൻകാല റൂളിംഗുകളുള്ളതിനാൽ സർക്കാരിന് വേവലാതിയില്ല.
ഗവർണർക്കെതിരെ ഭരണകക്ഷി അംഗങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടാകില്ല. എന്നാൽ ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെടുന്ന പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷത്തിന് അടങ്ങിയിരിക്കാനാവില്ല. ഗവർണർ എത്തുമ്പോൾ പരസ്യപ്രതിഷേധത്തിനോ, ബഹിഷ്‌കരണത്തിനോ അവർ ഒരുമ്പെട്ടേക്കും. ഭരണ, പ്രതിപക്ഷ കക്ഷികളുടെ നിയമസഭാകക്ഷി യോഗങ്ങൾ ഇന്ന് രാവിലെ ചേർന്ന് തന്ത്രങ്ങൾ ചർച്ച ചെയ്യും. പ്രമേയനോട്ടീസ് സർക്കുലേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ കത്തും ചെന്നിത്തല ഇന്നലെ സ്പീക്കർക്ക് നൽകി. രാവിലെ 8.50ന് ഗവർണർ സഭാമന്ദിരത്തിലെത്തും. അവിടെ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും പാർലമെന്ററികാര്യമന്ത്രിയും ചേർന്നാണ് ഗവർണറെ സഭയിലേക്ക് ആനയിക്കേണ്ടത്.
ഗവർണറുടെ വാദങ്ങൾ
പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിയെ വിമർശിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നയമായോ പരിപാടിയായോ കാണാനാവില്ല.
ഗവർണർ സഭയിൽ അവതരിപ്പിക്കേണ്ടത് സർക്കാരിന്റെ നയവും പരിപാടികളുമാണ്. പൗരത്വവിഷയത്തിലേത് സർക്കാരിന്റെ കാഴ്ചപ്പാട് മാത്രമാണ്
ഭരണപക്ഷത്തിന്റെ രാഷ്ട്രീയനിലപാടെന്ന നിലയിൽ അത് വ്യക്തിപരവുമാണ് വ്യക്തിപരമായ കാഴ്ചപ്പാട് ഗവർണർ പറയേണ്ടതില്ലെന്ന് ഭരണഘടനയിലും സുപ്രീംകോടതി ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിന്റെ വാദങ്ങൾ
കഴിഞ്ഞ ഒരു വർഷത്തെ നയപരിപാടികളും ഇനി നടപ്പാക്കാനിരിക്കുന്ന പദ്ധതികളും വിവരിക്കുന്നതാണ് നയപ്രഖ്യാപനം.
പൗരത്വഭേദഗതി വിഷയത്തിലെ സമരപരിപാടികൾ പ്രധാനപ്പെട്ട നയപരിപാടികളിലൊന്നായിരുന്നു. അതെങ്ങനെ കാഴ്ചപ്പാട് മാത്രമാകും?