പാലോട്: ആദ്യകാല ചലച്ചിത്ര നടിയും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ മലയാളിയുമായ ജമീലാ മാലിക്കിന്റെ വിയോഗത്തോടെ അനാഥനായത് മുപ്പതുകാരനായ ഏക മകനാണ്. താരസംഘടനയായ 'അമ്മ' നൽകിയ പാലോട് പാപ്പനംകോട്ടെ അക്ഷര വീട്ടിലായിരുന്നു ജമീലാ മാലിക്കിന്റെ അവസാന കാലം. ഉമ്മയുടെ മരണം അറിയാതെ മകൻ പാലോട്ടുള്ള വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മരണ വിവരം അറിഞ്ഞ് മാദ്ധ്യമ പ്രവർത്തകർ വീട്ടിലെത്തുമ്പോൾ വാതിലുകളെല്ലാം പൂട്ടി അകത്തിരിക്കുകയായിരുന്നു മകൻ അൻസർ മുഹമ്മദ് മാലിക്. തുടർന്ന് പാലോട് പൊലീസിൽ അറിയിക്കുകയും പൊലീസിന്റെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടന്ന് മകനെ സുരക്ഷിത കേന്ദ്രത്തിലാക്കണമെന്ന് നാട്ടുകാരുടെയും പാപ്പനംകോട് റസി. അസോസിയേഷൻ ഭാരവാഹികളുടെയും അഭ്യർത്ഥന പ്രകാരം വട്ടപ്പാറ സെന്റ് ഇഗ്നേഷ്യസ് ചാരിറ്റി സെന്ററിലേക്ക് മാറ്റുകയും ചെയ്തു. മാനസിക അസ്വസ്തത പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെ അൻസറിനെ ബന്ധുക്കളാരും ഏറ്റെടുക്കാൻ തയ്യാറായില്ല എന്നും ആക്ഷേപമുണ്ട്. ഉമ്മ മടങ്ങിവരുമെന്ന് കരുതുന്ന അൻസറിന് അവസാനമായി ഉമ്മയെ കാണാനും കഴിഞ്ഞില്ല. നാട്ടുകാരും അസോസിയേഷൻ ഭാരവാഹികളും ചേർന്ന് അൻസറിനെ യാത്രയാക്കുമ്പോൾ ഒരു കാര്യം മാത്രമേ അൻസർ ചോദിച്ചുള്ളൂ- 'ഉമ്മയെ കാണണം'. പാലോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അൻസറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമ്പോൾ കൂടി നിന്നവർ കണ്ണുനീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പാലോട് സി.ഐ സി.കെ.മനോജ്, ഗ്രേഡ് എസ്.ഐ ഇർഷാദ്, എ.എസ്.ഐ അനിൽ കുമാർ റിയാസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ചന്ദ്രശേഖരപിള്ള, നിസാം പള്ളിവിള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അൻസറിനെ സുരക്ഷിത കേന്ദ്രത്തിലാക്കിയത്.