(കാലം 1938. അഖിലേന്ത്യാ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദലി ജിന്നയുമായി ധാരണത്തിലെത്താൻ കോൺഗ്രസ് നേതാക്കൾ നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടു. മുസ്ലിം - ഹിന്ദു ഭിന്നത പരിഹരിക്കാനായിരുന്നു ശ്രമം. മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന ഏക സംഘടന മുസ്ലിംലീഗ് മാത്രമാണെന്ന് അംഗീകരിക്കാതെ ചർച്ചയ്ക്കില്ലെന്ന് ജിന്ന അസന്നിഗ്ദ്ധമായി വ്യക്തമാക്കിയതോടെ ചർച്ചകൾ വഴിമുട്ടി. ഇതിനിടയിൽ ഗാന്ധിജി ജിന്നയ്ക്ക് അയച്ച ഇംഗ്ളീഷ് കത്തിന്റെ പരിഭാഷ ചുവടെ:)
സെയ്ഗോൺ
ഫെബ്രുവരി 3
1938
പ്രിയപ്പെട്ട മിസ്റ്റർ ജിന്ന,
മൗലാനാ സാഹിബിനോട് താങ്കൾ ഒരു പരാതി പറഞ്ഞ കാര്യം ഇന്നലെ എന്നോട് പണ്ഡിറ്റ് നെഹ്റു പറഞ്ഞു. ഒക്ടോബർ 19 ന് ഞാൻ അയച്ച കത്തിന് നവം. 5 ന് താങ്കൾ നൽകിയ മറുപടിക്ക് ശേഷം ഞാൻ കത്തയച്ചില്ല എന്നായിരുന്നല്ലോ പരാതി. എനിക്ക് ഗുരുതരമായ അസുഖമാണെന്ന് ഡോക്ടർമാർ കൽക്കട്ടയിൽ വിധിയെഴുതിയ ദിനങ്ങളിലാണ് താങ്കളുടെ കത്ത് വന്നത്.
കത്ത് ലഭിച്ചതിന്റെ മൂന്നാം ദിനമാണ് എന്റെ കൈയിൽ കിട്ടിയത്. ഉടനെ മറുപടി അയയ്ക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയിരുന്നെങ്കിൽ അസുഖമാണെങ്കിൽ കൂടി ഞാൻ മറുപടി എഴുതുമായിരുന്നു. കത്ത് വീണ്ടും വായിച്ചു. മറുപടിയായി പ്രയോജനകരമായതൊന്നും അയയ്ക്കാനില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാലും താങ്കൾ എന്റെ ഒരു കത്ത് പ്രതീക്ഷിച്ചു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു. താങ്കളിൽ നിന്ന് ഒരു സ്വകാര്യ സന്ദേശം ലഭിച്ച വിവരം മിസ്റ്റർ ഖെർ എന്നോട് പറഞ്ഞു. ഞാൻ മാത്രം മുറിയിൽ ഉള്ളപ്പോൾ ഖെർ സന്ദേശം എനിക്ക് നൽകി. താങ്കളെ അറിയിക്കാൻ, വാക്കാൽ ഒരു മറുപടി എനിക്ക് നൽകാമായിരുന്നു. പക്ഷേ പകരം എന്റെ മാനസികാവസ്ഥയുടെ യഥാർത്ഥ ചിത്രം നൽകുന്നതിന് ഞാൻ ഒരു ചെറിയ കുറിപ്പാണ് നൽകിയത്. അതിൽ ഒന്നും ഒളിക്കാനില്ല. പക്ഷേ നിങ്ങൾ അത് ഉപയോഗിച്ച രീതി എന്നിൽ വേദനിപ്പിക്കുന്ന ഒരു അതിശയമാണ് ഉളവാക്കിയത്.ഇപ്പോഴും അതേ തോന്നൽ നിലനിൽക്കുന്നു.
''എന്റെ മൗനത്തെ താങ്കൾ കുറ്റപ്പെടുത്തുന്നു. എന്റെ മൗനത്തിന്റെ സത്യസന്ധമായ കാരണം ആ കുറിപ്പിലുണ്ട്. രണ്ട് സമുദായങ്ങളെ ഒന്നിപ്പിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന നിമിഷം അതിൽ നിന്ന് എന്നെ തടയാൻ ഇൗ ലോകത്തിലെ ഒന്നിനും കഴിയില്ല. നിങ്ങളുടെ പ്രഭാഷണം ഒരു യുദ്ധ പ്രഖ്യാപനമാണെന്നത് താങ്കൾ നിഷേധിച്ചേക്കാം. പക്ഷേ തുടർന്നുള്ള താങ്കളുടെ അഭിപ്രായ പ്രകടനങ്ങളും എന്റെ ആദ്യ ധാരണ ബലപ്പിക്കുകയാണ് ചെയ്തത്. മനസിൽ തോന്നിയ വികാരത്തിന് എന്ത് തെളിവാണ് എനിക്ക് നൽകാനാവുക? സ്വയം അടിച്ചേൽപ്പിച്ച പ്രവാസ ജീവിതം മതിയാക്കി 1915ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിപ്പോൾ ഞാൻ താങ്കളുടെ അന്നത്തെ വാക്കുകളിൽ കേട്ട ദേശീയ വാദം ഇപ്പോൾ എനിക്ക് നഷ്ടമായിരിക്കുന്നു. അടിയുറച്ച ദേശീയവാദി എന്നാണ് അന്ന് എല്ലാവരും താങ്കളെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പ്രതീക്ഷയായാണ് ഏവരും താങ്കളെ വീക്ഷിച്ചിരുന്നത്. നിങ്ങൾ ഇപ്പോഴും അതേ മനുഷ്യൻ തന്നെയാണോ, മിസ്റ്റർ ജിന്ന? അതെ എന്ന് താങ്കൾ പറയാൻ തയാറായാൽ, താങ്കളുടെ ഇപ്പോഴത്തെ പ്രഭാഷണങ്ങൾ നിലനിൽക്കെ തന്നെ, താങ്കളുടെ വാക്കുകൾ ഞാൻ സ്വീകരിക്കാം.
അവസാനമായി, ഞാൻ എന്തെങ്കിലും നിർദ്ദേശവുമായി മുന്നോട്ട് വരണമെന്നാണ് താങ്കൾ ആവശ്യപ്പെടുന്നത്. ഞാൻ മനസ്സിലാക്കിയിരുന്ന താങ്കൾ ആരായിരുന്നു എന്നത് മുട്ടുകാലിൽ നിന്ന് നിങ്ങളെ ഒാർമ്മിപ്പിക്കുകയല്ലാതെ മറ്റ് എന്ത് നിർദ്ദേശമാണ് എനിക്ക് മുന്നോട്ട് വയ്ക്കാൻ കഴിയുക?രണ്ട് സമുദായങ്ങളും തമ്മിലുള്ള ഐക്യത്തിന് വേണ്ട നിർദ്ദേശങ്ങൾ തീർച്ചയായും നിങ്ങളിൽ നിന്നാണ് വരേണ്ടത്.
ഇത് പ്രസിദ്ധീകരിക്കാനുള്ള കത്തല്ല. നിങ്ങൾ അറിയാൻവേണ്ടി മാത്രമുള്ളതാണ്. ഇത് ഒരു സുഹൃത്തിന്റെ കത്താണ്. എതിരാളിയുടേതല്ല.
ആത്മാർത്ഥതയോടെ
എം.കെ. ഗാന്ധി