വെള്ളറട: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചുമരങ്കാല മൈലംകുന്ന് റോഡിരികത്ത് വീട്ടിൽ ബിജോയ് (20) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് വെള്ളറടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ പാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ചെമ്പൂര് പുളിങ്കുടി തൃക്കാർത്തികയിൽ പ്രദീപിനെയാണ് (43) ബിജോയും സംഘവും ചെമ്പൂരിൽ വച്ച് ബസ് തടഞ്ഞുനിറുത്തി ആക്രമിച്ചത്. അഞ്ചുമരങ്കാലയ്ക്കു സമീപത്തുവച്ച് ബിജോയിയുടെ ബൈക്കിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.പരിക്കേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സതേടി. കെ.എസ്.ആർ.ടി.സി അധികൃതർ ആര്യങ്കോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആര്യങ്കോട് സി.ഐ.സജീവ്, എസ്.ഐ സജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.