ശിവഗിരി: ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബഹ്റിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.കെ.ജി ഹോൾഡിംഗ്സിന്റെ സഹകരണത്തോടെ നടന്ന മൂന്ന് ദിവസം നീണ്ടുനിന്ന വിഷൻ 2020 ഹെൽത്ത് ഫെസ്റ്റ് സമാപിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഹെൽത്ത്ഫെസ്റ്റ്. ജനറൽ മെഡിസിനിൽ സൗജന്യ മെഡിക്കൽ ക്യാമ്പിനു പുറമേ 15ഓളം സ്പെഷ്യാലിറ്റി ക്ലിനിക്കുകളും മൂന്നു ദിവസവും പ്രവർത്തിച്ചു. ശിവഗിരി നഴ്സിംഗ് കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ, രോഗങ്ങൾ, ചികിത്സ, ഉപകരണങ്ങൾ എന്നിവ പ്രതിപാദിക്കുന്ന സ്റ്റാളുകൾ തുടങ്ങി വൈവിധ്യപൂർണവും വിജ്ഞാനപ്രദവുമായിരുന്നു പ്രദർശനം. തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയുടെ ആർ.എം.ഒ ചിത്രാ രാഘവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്രരോഗ നിർണയക്യാമ്പും പൊലീസ്, ഫയർഫോഴ്സ് സ്റ്റാളുകളും ഹെൽത്ത് ഫെസ്റ്റിലെ പ്രധാന ആകർഷണമായിരുന്നു. എല്ലാദിവസവും ആരോഗ്യ ബോധവത്കരണ ക്ലാസുകളിൽ വിദഗ്ദ്ധ ഡോക്ടർമാർ പ്രഭാഷണം നടത്തി. കൂടാതെ ആരോഗ്യ വർക്ക് ഷോപ്പുകളും മെഡിക്കൽ ക്യാമ്പുകളും വഴി എല്ലാ വിഭാഗം ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഒരു അടിസ്ഥാന ധാരണ ഉണ്ടാക്കാൻ ഹെൽത്ത് ഫെസ്റ്റ് പ്രയോജനപ്പെട്ടു. സൗജന്യ രക്തഗ്രൂപ്പ് നിർണയക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഫാറത്തിന്റെ ഉദ്ഘാടനവും ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു. ഹെൽത്ത് ഫെസ്റ്റിന്റെ സമാപന ദിവസം സ്പോൺസറായ കെ.ജി.ബാബുരാജന്റെ പിറന്നാൾദിനം കൂടി ആയതിനാൽ വിപുലമായ പരിപാടികളും നടന്നു. ഗോവർദ്ധനം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് പിറന്നാൾ സദ്യയും വസ്ത്ര വിതരണവും സംഘടിപ്പിച്ചിരുന്നു. വാവ സുരേഷ് സംഘടിപ്പിച്ച നഗായനം സ്റ്റേജ് ഷോയിലൂടെ പാമ്പുകളെക്കുറിച്ചു കൂടുതൽ അറിയുവാനും പല തെറ്റിദ്ധാരണകൾ നീക്കാനും ജനങ്ങൾക്ക് കഴിഞ്ഞു. അതിനെ തുടർന്ന് പാമ്പു കടിയുടെ ചികിത്സയും അടിയന്തര രക്ഷാമാർഗങ്ങളും ഡോക്ടർമാർ വിശദീകരിച്ചതും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. ശിവഗിരി സ്കൂളുകളിലെയും നഴ്സിംഗ് കോളേജിലെയും വിദ്യാർത്ഥികളുടെയും ആശുപത്രി ജീവനക്കാരുടെയും കലാസാംസ്കാരിക പ്രകടനങ്ങളും ഹെൽത്ത് ഫെസ്റ്റിനെ വേറിട്ടതാക്കി. തിരുവനന്തപുരം നേമം 'അഗസ്ത്യം കളരി' യുടെ കളരിപ്പയറ്റ് ആകർഷണീയമായിരുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും സ്പോൺസറായ കെ.ജി.ബാബുരാജും ബി.കെ.ജി ഹോൾഡിംഗ്സ് പ്രതിനിധികളായ ഡോ.അബിൻവിജയൻ, ഡോ.രമ്യബാബുരാജ് തുടങ്ങിയവരും ആദ്യവസാനം ഫെസ്റ്റിലെ സജീവ സാന്നിദ്ധ്യമായിരുന്നു.