തിരുവനന്തപുരം : കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിന് ശേഷം മന്ത്രി കെ. കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ജില്ലകളിൽ 633പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ ഏഴ് പേർക്ക് കൊറോണയുടെ ലക്ഷണങ്ങളുണ്ട്.197പേർ ഇന്നലെ പനിബാധിച്ചവരാണ്. പത്ത് പേരുടെ രക്തസാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ ആറുപേർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.നാല് പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. സംശയം തോന്നിയ ആറ് പേരുടെ സാമ്പിളുകൾ ഇന്നലെ അയച്ചു. കൊച്ചി, തിരുവനന്തപുരം വിമാനത്താളങ്ങളിൽ നിരീക്ഷണമുണ്ട്.
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ചിലർ ഇതിന് തയ്യറാകുന്നില്ല. അത് സ്ഥിതി വഷളാക്കും. ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ പാർപ്പിച്ചാണ് നിരീക്ഷിക്കുന്നത്. ചൈനയിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം. ചൈനയിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. നോർക്കയും ഇടപെടുന്നുണ്ട്. കേന്ദ്രം അവരെ നാട്ടിലെത്തിച്ചാൽ ചികിത്സ ഏറ്റെടുക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽകർ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം. ഡി ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, ഡോ. വി. മീനാക്ഷി ഡോ. അമർ ഫെറ്റിൽ, ഡോ. പി.എസ്. ഇന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആശങ്കവേണ്ടെന്ന് കേന്ദ്രസംഘം
കോറോണ രോഗത്തെ പറ്റി കേരളത്തിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാരുടെ കേന്ദ്രസംഘം വ്യക്തമാക്കി. കേരളത്തിലെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. സർക്കാരിന്റെ മുന്നൊരുക്കങ്ങൾ തൃപ്തികരമാണെന്നും ഡോക്ടമാർ പറഞ്ഞു. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജിലെ ഡോ.പുഷ്‌പേന്ദ്രകുമാർ വർമ്മ, ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോ.രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷൗക്കത്തലി എന്നിവരാണ് സംഘത്തിലുള്ളത്. സംഘം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയുമായി ചർച്ച നടത്തി.