തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലെന്ന് പരാതി. ഒക്ടോബർ മുതൽ ഉച്ചഭക്ഷണത്തിനായി ചെലവഴിച്ച തുകയുടെ ബില്ലുകളും വൗച്ചറുകളും യഥാസമയം പാസാക്കി നൽകുന്നതിലുണ്ടായ വീഴ്ചയാണ് പദ്ധതിയുടെ സുഗമമായ മുന്നോട്ടുപോക്കിന് തടസമായിരിക്കുന്നത്. പാസാക്കിയ തുക ട്രഷറിയിൽ നിന്ന് മാറിക്കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ നൂൺ മീൽ ഓഫീസർ (എൻ.എം.ഒ) യഥാവിധി ചെയ്യാത്തതാണ് ഉച്ചഭക്ഷണ വിതരണത്തെ ബാധിച്ചത്. ബാങ്കിൽ ആവശ്യത്തിന് തുകയുള്ള സ്‌കൂളുകൾക്ക് ഈ തുക എടുക്കുന്നതിന് അനുവാദം നൽകാതെ താമസിപ്പിക്കുകയും ബില്ലുകളും വൗച്ചറുകളും അനാവശ്യമായി നിരസിക്കുകയും ചെയ്യുന്നതായാണ് എൻ.എം.ഒയ്ക്ക് എതിരെ പരാതി ഉയർന്നിട്ടുള്ളത്. നാലു മാസമായി സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ഹെഡ്മാസ്റ്റർമാർ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നത്. ഇനിയും ഇത്തരത്തിൽ മുന്നോട്ടു പോകാനാകില്ലെന്ന് ഹെഡ്മാസ്റ്റർമാർ എ.ഇ.ഒയെ അറിയിച്ചിട്ടുണ്ട്. വളരെ നിസാരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻ.എം.ഒ ബില്ലുകൾ നിരസിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. ഇതിനെതിരെ പരാതി പറയുന്ന സ്‌കൂളുകളിലെ ബില്ലുകൾ മനപ്പൂർവം നിരസിക്കുന്നതായും ഹെഡ്മാസ്റ്റർമാരെ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നിലയ്ക്കുന്ന അവസ്ഥ ഒഴിവാക്കാനും നൂൺ മീൽ ഓഫീസറുടെ പ്രവൃത്തികളെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് സൗത്ത് സബ് ജില്ലയിലെ പ്രഥമാദ്ധ്യാപകരും അദ്ധ്യാപക സംഘടനകളും എ.ഇ.ഒയ്ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കത്ത് നൽകിയിട്ടുണ്ട്.