jameela-malik
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിന്റെ ആദ്യ കാല നടി അന്തരിച്ച ജമീല മാലിക്

തിരുവനന്തപുരം:യാഥാസ്ഥിതികതയുടെ കെട്ടുപാടുകൾ മറികടന്ന് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ച മലയാളത്തിലെ ആദ്യ നടിയായി ചരിത്രത്തിൽ ഇടം പിടിച്ച ജമീല മാലിക് (73) ഓർമ്മയായി. ബീമാപള്ളി ഉറുസുമായി ബന്ധപ്പെട്ട് പൂന്തുറയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 12 ഓടെ കുഴഞ്ഞു വീണ ജമീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

1946 ൽ കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായാണ് ജമീലയുടെ ജനനം. എസ്.എസ്.എൽ.സി പഠനത്തിനു ശേഷം 16-ാം വയസിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. പെൺകുട്ടികൾ സിനിമാ അഭിനയം പഠിക്കുന്നത് ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാലമായിരുന്നു അത്.

എഴുപതുകളിലും എൺപതുകളിലും നിരവധി സിനിമകളിലും പിൽക്കാലത്ത് ഏതാനും സീരിയലുകളിലും ജമീല മാലിക് അഭിനയിച്ചു.1973ൽ എൻ.എൻ.പിഷാരടി സംവിധാനം ചെ്യത 'റാംഗിംഗ്' എന്ന പി.ജെ. ആന്റണി നായകനായ സിനിമയിലാണ് ആദ്യം നായികയായത്.

'പാണ്ഡവപുരം', 'ആദ്യത്തെ കഥ', 'രാജഹംസം', 'ലഹരി' തുടങ്ങിയ ചിത്രങ്ങളിലും നായികയായി. സേതുവിന്റെ പ്രശസ്‌ത നോവലായ പാണ്ഡവപുരം പ്രമേയമാക്കി അതേപേരിൽ ജി.എസ്. പണിക്കർ സംവിധാനം ചെയ്ത സിനിമയിലെ ദേവി ടീച്ചർ എന്ന കഥാപാത്രം ജമീല മാലിക്കിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 'ലക്ഷ്മി', 'അതിശയരാഗം' എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്ക് ഡബ് ചെയ്തു. നിരവധി റേഡിയോ നാടകങ്ങളും 'ശരറാന്തലിന്റെ വെളിച്ചത്തിൽ' എന്നൊരു നോവലും എഴുതി.

1983ൽ വിവാഹിതയായെങ്കിലും ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിഞ്ഞു. മകൻ: അൻസർ മാലിക്. മകന്റെ രോഗവും സിനിമകളുടെ കുറവും കാരണം വാർദ്ധക്യനാളുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ജമീലയ്ക്ക് 'അമ്മ' പാലോട് ഒരു വീട് നൽകിയിരുന്നു. അവിടെയായിരുന്നു താമസം.
ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മധുപാൽ, ജലജ, ഭാഗ്യലക്ഷ്മി, മഹേഷ് പഞ്ചു, പി.ശ്രീകുമാർ, നന്ദു, പ്രൊഫ.അലിയാർ, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സിനിമാ, സാംസ്‌കാരിക സംഘടനകൾക്ക് വേണ്ടിയും പുഷ്പചക്രമർപ്പിച്ചു. വൈകിട്ട് മൂന്നരയോടെ മൃതദേഹം കൊല്ലം ജോനകപ്പുറത്തേക്കു കൊണ്ടുപോയി.

അവിടെ പൊതുദർശനത്തിന് ശേഷം ജോനകപ്പുറം വലിയപള്ളി കബർസ്ഥാനിൽ കബറടക്കി. ജമീലയുടെ മാതാപിതാക്കളെ കബറടക്കിയതും ഇവിടെയാണ്. പ്രിയപ്പെട്ടവർക്കൊപ്പം ഇനി ജന്മനാട്ടിൽ ജമീല‌യ്‌ക്കും അന്ത്യവിശ്രമം.

ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ് അന്ത്യോപചാരം അർപ്പിച്ചു.