കാട്ടാക്കട: കുടുംബ വീട്ടിൽനിന്ന് മടങ്ങിയ അമ്മയേയും രണ്ട് ആൺ മക്കളേയും തടഞ്ഞുനിറുത്തി ആക്രമിച്ച കേസിലെ ഒരാളെ പൊലീസ് സാഹസികമായി പിടികൂടി. പൂവച്ചൽ പുളിമൂട് തോട്ടരികത്ത് വിഷ്ണുഭവനിൽ വിപിൻ (25) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 25നായിരുന്നു സംഭവം. ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പിയുടെ നേതൃത്വത്തിൽ കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. വിപിൻ പൂവച്ചൽ മുളമൂട് ഭാഗത്തുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സംഘം സാഹസികമായിത്തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം കുറ്റിച്ചൽ കല്ലറത്തോട്ടം ആർ.കെ. വില്ലയിൽ റജിയുടെ ഭാര്യ സുനിത(39), മക്കളായ സൂരജ്(22), സൗരവ്(19) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാട്ടാക്കടയ്ക്ക് സമീപം നാലംഗ സംഘം സ്കൂട്ടറിനുപിറകേ എത്തി അമ്മയേയും മക്കളേയും കൂക്കി വിളിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. സഹികെട്ട സ്കൂട്ടർ യാത്രക്കാരായ അമ്മയും മക്കളും വാഹനം നിറുത്തി ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് നാട്ടുകാർ എത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ കാറുടമയേയും മറ്റ് രണ്ടുപേരേയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ആക്രമി സംഘത്തെപ്പറ്റി സൂചന ലഭിച്ചിരുന്നെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.