തിരുവനന്തപുരം: മർദ്ദനത്തെ തുടർന്ന് ആറു കുട്ടികൾ അനാഥാലയത്തിൽ നിന്ന് ഓടിപ്പോയ കേസിൽ കുറ്റിച്ചൽ തച്ചൻകോടുള്ള നവജീവൻ ഷെൽട്ടർ ഹോം ഡയറക്ടർ ഫ്രാൻസിസിനെതിരെ നടപടിയെടുക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർപേഴ്സൺ എൻ.സുനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 10ന് സി.ഡബ്ല്യു.സിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡയറക്ടർക്കും ഹോമിലെ വാർഡനും സമൻസ് അയച്ചു. ഇവിടെ ശേഷിച്ചിരുന്ന നാല് കുട്ടികളെയും പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. കുട്ടികളെ ഉപദ്രവിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നെയ്യാർ ഡാം എസ്.എച്ച്.ഒയോട് നിർദേശിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമെടുക്കും.
വാർഡൻ മർദ്ദിച്ചതിനാലാണ് കുട്ടികൾ ഓടിപ്പോയതെന്ന് അവരോട് സംസാരിച്ചപ്പോൾ മനസിലായി. ഇവരെ പ്രത്യേക ശ്രദ്ധയും സുരക്ഷയും ആവശ്യമുള്ളവരായി പ്രഖ്യാപിച്ചു. പ്രത്യേക സിറ്റിംഗ് നടത്തി ആറു പേരെയും തിരുവനന്തപുരം ഡോൺബോസ്‌കോ ഷെൽട്ടർ ഹോം, ഗവ.ചിൽഡ്രൻസ് ഹോം, ശ്രീ ശങ്കരബാലാശ്രമം, ജയ്മാതാ ബോയ്സ് ഹോം, അനന്തസായി ബാലസദനം എന്നീ ഹോമുകളിലായി സി.ഡബ്ല്യു.സി മാറ്റിയിരുന്നു. കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗും വൈദ്യപരിശോധനയും ലഭ്യമാക്കും. ഈ ഷെൽട്ടർ ഹോമിനെതിരെ മുമ്പും പരാതികൾ ഉണ്ടായിട്ടുള്ളതായി ചെയർപേഴ്സൺ പറഞ്ഞു.
സമിതി അംഗങ്ങളായ ആർ ധന്യ, സീതമ്മാൾ, ഡോ.ജെ. മോഹൻരാജ് , എൻ.എസ്. അജയകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോമിൽ നിന്നു കുട്ടികൾ ഓടിപ്പോയത്. നെയ്യാർ ഡാം പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. അഞ്ച് വർഷം മുമ്പ് അടച്ചുപൂട്ടിയ സ്ഥാപനമാണിത്. 2018 ലാണ് സ്ഥാപനത്തിന് വീണ്ടും ലൈസൻസ് നൽകിയത്.