accident

നെടുമങ്ങാട് : വാഹനം കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്ന റിക്കവറി വാഹനത്തെ

ഓവർടേക്ക് ചെയ്യുന്നതിനിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് നെട്ട കുന്നുംപുറത്ത് വീട്ടിൽ അഖിലയാണ് (37) മരിച്ചത്. ചെങ്കോട്ട ഹൈവേയിൽ കല്ലമ്പാറയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. 11 -ാംകല്ലിൽ നിന്ന് കല്ലമ്പാറയിലേക്ക് വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോയ റിക്കവറി വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്റെ ഹാൻഡിൽ എതിരെ വന്ന തമിഴ്നാട് രജിസ്‌ട്രേഷൻ ലോറിയിൽ തട്ടി.ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് അഖില റോഡിൽ തലയിടിച്ച് ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.

യുവതിയെ ഉടൻ ആട്ടോ ഡ്രൈവർമാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീഹരി ഋഷികേശ് (12) ഏക മകനാണ്. ഭർത്താവ് കെ.ബിജു 10 വർഷം മുമ്പ് മഞ്ഞപ്പിത്തം പിടിപെട്ട് മരിച്ചു.

ഗൃഹപ്രവേശത്തിന്

കാത്തുനിൽക്കാതെ അഖിലയ്ക്ക് സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നഗരസഭ അനുവദിച്ച വീടിന്റെ മേൽക്കൂര വാർപ്പ് അടുത്തിടെയാണ് കഴിഞ്ഞത്. ഗൃഹപ്രവേശ ചടങ്ങ്നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അച്ഛൻ കൃഷ്ണൻകുട്ടിയുടെയും അമ്മ ലളിതയുടെയും സംരക്ഷണയിൽ കഴിഞ്ഞിരുന്ന അഖില നെട്ടയിലെ സ്വകാര്യ ബുക്ക് ഡിപ്പോയിൽ ജോലിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ കല്ലമ്പാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.