തിരുവനന്തപുരം : വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ആയുർവേദ കോളേജ് കുന്നുംപുറം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരത്തിലെ മുഴുവൻ റോഡുകളും ബ്യൂട്ടി ഓഡിറ്റിംഗിനു വിധേയമാക്കി സൗന്ദര്യവത്കരിക്കും. റോഡുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ 20 സ്ഥലങ്ങളിൽ ഫ്ലൈ ഓവർ പണിയും. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടു ക്ഷേത്ര മേഖലയിലെ 21 റോഡുകളുടെ പണി പൂർത്തിയായി. ശംഖുംമുഖം റോഡ് 13 കോടി രൂപ ചെലവാക്കി പുനർനിർമിക്കും.10.34 കോടി രൂപ ചെലവിലാണു ആയുർവേദ കോളേജ്, കുന്നുംപുറം റോഡ് പൂർത്തിയാക്കിയത്. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വഞ്ചിയൂർ ബാബു, കുന്നുംപുറം റസി.അസോസിയേഷൻ ഭാരവാഹികളായ കെ.കൃഷ്ണകുമാർ, സതീഷ് കുമാർ, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനിയർ വി.എ.വിനു എന്നിവർ സംസാരിച്ചു.