തിരുവനന്തപുരം :കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാതെ നഗരത്തിൽ മാലിന്യപരിപാലനം നടത്താമെന്നതിന് ഉദാഹരണമാണ് തലസ്ഥാന നഗരസഭയെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. നഗരസഭയുടെ സുഭോജനം, സുജലം സുലഭം, മേയറുടെ പരാതി പരിഹാര സെൽ, സെപ്‌റ്റേജ് മാലിന്യ ശേഖരണ സംവിധാനത്തിന്റെ വിപുലീകരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വഞ്ചിയൂർ പി. ബാബു, ഐ.പി. ബിനു, പാളയം രാജൻ, വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ ജി.ശ്രീകുമാർ, ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ, സൂപ്രണ്ടിംഗ് എൻജിനിയർ എം.മുഹമ്മദ് അഷ്റഫ്, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ സംസാരിച്ചു.
പരാതി പരിഹരിക്കാൻ പുതിയ സംവിധാനം
നഗരസഭയിലെ സേവനങ്ങളെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ പുതിയ സംവിധാനങ്ങൾ. സ്മാർട് ട്രിവാൻഡ്രം വെബ്‌പോർട്ടിലൂടെയും സ്മാർട് ട്രിവാൻഡ്രം മൊബൈൽ ആപ്പ് മുഖേനയും പരാതി അറിയിക്കാം. കൂടാതെ 7034232323 എന്ന നമ്പരിൽ വാട്സ് അപ് സന്ദേശമായോ complaints.tmc@gmail.com എന്ന ഇ-മെയിലായോ പരാതി നൽകാം. നഗരസഭ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ ഓഫീസർ,ഹെൽത്ത് ഓഫീസർ എന്നിവരടങ്ങുന്നതാണ് പരാതി പരിഹാര സെൽ. പരാതികളുടെ സ്വഭാവം അനുസരിച്ച് പരിഹരിക്കുന്നതിനുള്ള പരമാവധി സമയം നിശ്ചയിച്ചിട്ടുണ്ട്. പരാതികളിൽ സ്വീകരിച്ച ശേഷം നടപടികളെ കുറിച്ച് പരാതിക്കാരന് വിവരം നൽകും.