പരീക്ഷാക്കാലം വരവായി. എല്ലാ വിദ്യാർത്ഥികൾക്കും - പഠിച്ചവർക്കും പഠിക്കാത്തവർക്കും - പരീക്ഷ അടുക്കുമ്പോൾ ഉണ്ടാകുന്ന വികാരമാണ് ഭയം. ഒന്നാംക്ളാസ് മുതൽ ഏറ്റവും വലിയ ക്ളാസ് വരെയുള്ളവരെ ബാധിക്കുന്ന ഒന്നാണത്. ഒരു പരിധിവരെ മാതാപിതാക്കൾക്കും ഇതിൽ വലിയ പങ്കുണ്ട്. അടുത്ത വീട്ടിലെ കുട്ടി പഠിക്കുന്നത് കാണുമ്പോൾ അഥവാ മറ്റൊരു കുട്ടി മാർക്ക് കൂടുതൽ വാങ്ങുമ്പോൾ തന്റെ കുട്ടിക്ക് അതിനെക്കാൾ മാർക്ക് വേണമെന്നുള്ള അവരുടെ ശാഠ്യം കുട്ടികളെ കൂടുതൽ ടെൻഷനും ഭയവും ഉള്ളവരാക്കിത്തീർക്കാം.
തന്റെ കുട്ടിയുടെ കഴിവിനെ നിരീക്ഷിക്കാതെയാണ് ഈ ടെൻഷൻ കുട്ടിയിലേക്ക് പകരുന്നത്. ഓരോ കുട്ടികൾക്കും വ്യത്യസ്തമായ സംസ്കാരവും കാഴ്ചപ്പാടും പ്രതിഭയും ഉണ്ടാകും. അത് തിരിച്ചറിഞ്ഞ് കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന രീതി രക്ഷിതാക്കളും അദ്ധ്യാപകരും സ്വീകരിച്ചാൽ നന്നായിരിക്കും. ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ 10-ാം ക്ളാസും പ്ളസ് ടുവും വഴിത്തിരിവിന്റെ കേന്ദ്രങ്ങളാണ്. ഉയർന്ന ക്ളാസുകളിലേക്ക് ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് ഇവിടെയാണ്. ധാരാളം കുട്ടികൾ എന്ത് ഇനി പഠിക്കണമെന്ന് അറിഞ്ഞുകൂടാതെ പകച്ച് നിൽക്കുന്ന അവസ്ഥയുമുണ്ട്.ഇതിന് ഒരു മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.
പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൽ സകല വിദ്യകളും പഠിക്കാനുള്ള ഒരു കേന്ദ്രമായിരുന്നു ഗുരുകുലം. പ്രധാന അദ്ധ്യാപകൻ എല്ലാ അറിവുകളും നേടിയ പക്വമതിയായ ആചാര്യനായിരുന്നു. അതുകൊണ്ട് ഓരോ കുട്ടിക്കും വേണ്ടതെന്തെന്ന് മനസിലാക്കി അവരുടെ ആന്തരിക കഴിവുകളെ ഉണർത്തി എടുക്കുന്നതിനുള്ള അവസരം സംജാതമാകുമായിരുന്നു. ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം ആ വ്യക്തി പുറത്തേക്ക് പോകുമ്പോൾ ജോലിക്ക് വേണ്ടി അലയേണ്ടി വരുന്നില്ല. കാരണം ഏത് ജോലിയും തന്റെ കഴിവിനനുസരിച്ച് ചെയ്യുന്നതിനുള്ള മാനസിക പാകത അയാൾക്ക് ലഭിക്കുമായിരുന്നു.
മാതാപിതാക്കൾ പണ്ട് തങ്ങൾ അനുഭവിച്ചപോലെ കഷ്ടപ്പാടുകൾ കുട്ടികൾ അനുഭവിക്കരുത് എന്ന് ചിന്തിച്ചാണ് അവരെ വളർത്തുന്നത്. അതിന്റെ ഫലമോ ഈ കുട്ടികൾക്ക് പണത്തിന്റെ മൂല്യം, ത്യാഗം തുടങ്ങിയവ എന്തെന്ന് അറിഞ്ഞുകൂടാ. ഒരു പക്ഷേ ഈ കാര്യങ്ങളിൽ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ ശ്രമിച്ചാൽ കുട്ടികൾക്ക് ഇത്ര മാത്രം പരീക്ഷാപ്പേടി വരില്ല.
കുട്ടികൾക്ക് മാതൃകയായി ചൂണ്ടിക്കാട്ടേണ്ടത് നിസ്വാർത്ഥമതികളായ മഹത്തുക്കളുടെ ജീവിതവുമാകണം. സ്നേഹംകൊണ്ടും വീര്യം കൊണ്ടും ആർഷജ്ഞാനത്തിന്റെ തിളക്കം കൊണ്ടും ലോകത്തെ മാറ്റിമറിച്ച ഋഷിയായ സ്വാമി വിവേകാനന്ദനോ അഥവാ തന്റെ ആയുസും വപുസും ആത്മതപസും ഉപയോഗപ്പെടുത്തി അടിച്ചമർത്തപ്പെട്ട ഒരു ജനതയെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്തിയ ശ്രീനാരായണ ഋഷിയോ ആയിക്കൂടെ നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും മാതൃകാപുരുഷൻ. ഇവരുടെയെല്ലാം ജീവിതം തുറന്ന പുസ്തകമായിരുന്നു.
ശ്രീനാരായണ ഋഷിയുടെ സങ്കല്പത്തിൽ വിരിഞ്ഞ വിദ്യാദേവതയും പരബ്രഹ്മ സ്വരൂപിണിയും ആയ ശ്രീശാരദാംബയുടെ ദിവ്യസന്നിധിയിൽ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഫെബ്രുവരി 29 നും മാർച്ച് ഒന്നിനും ശിവശിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ സത്സംഗം, ശാരദാപൂജ, ശാന്തിഹോമം, പ്രാണായാമം, ജപം, ധ്യാനം എന്നിവ സംഘടിപ്പിക്കുന്നു. അമിതമായ ഉത്കണ്ഠ പ്രാണായാമത്തിലൂടെയും ജപധ്യാനാദികളിലൂടെയും മാറ്റിയെടുക്കാം. ഈ പുണ്യാവസരത്തെ അവരവരുടെ മക്കൾക്ക് വേണ്ടി പ്രയോജനപ്പടുത്തണമെന്ന് താത്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9400475545.